ഖദർ ധരിച്ച കേരള ഫക്കീർ

സ്വാതന്ത്ര്യസമരകാലത്തെ കെ.ഇ. മാമ്മൻ

തിരുവല്ല തയ്യിൽ കണ്ടത്തിൽ കെ.സി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31നാണ് ബേബൻ എന്നു വിളിപ്പേരുള്ള കെ.ഇ.മാമ്മന്റെ ജനനം. 1938ൽ തിരുവനന്തപുരത്ത് ഇന്റർ മീഡിയറ്റിനു പഠിക്കുമ്പോഴാണ് വിദ്യാർഥി കോൺഗ്രസ് പ്രവർത്തകനായത്. അതിന്റെ ആക്ടിങ് പ്രസിഡന്റായിരിക്കെ സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു പ്രസ്താവനയിറക്കി കോളജിൽനിന്നു സസ്പെൻഷനിലായി.

ഇതേ കാലയളവിൽ മാമ്മന്റെയും മറ്റും നേതൃത്വത്തിൽ പേട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മൈസൂരുകാരനായ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് കെ. ടി. ബാഷ്യത്തെ ആയിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചത്. ഇതറിഞ്ഞു സി.പി.രാമസ്വാമി അയ്യർ, മാമ്മനെ കാണണമെന്നാവശ്യപ്പെ‌ട്ടു. സിപിയുടെ ഒൗദ്യോഗിക വസതിയായ ഭക്തിവിലാസം പാലസിലെ കൂടിക്കാഴ്ചയിൽ ‘വിദേശി’യെ ഉദ്ഘാടകനാക്കിയതിലെ ഒൗചിത്യമാണു സിപി ചോദ്യം ചെയ്തത്.

അതേ നാണയത്തിൽ മാമ്മൻ തിരിച്ചടിച്ചു: ‘മൈലാപ്പൂരുകാരനായ താങ്കളും വിദേശിയല്ലേ...?’

സിപിയുടെ രക്തംതിളച്ചു. കൂടിക്കാഴ്ച പെട്ടെന്നവസാനിച്ചു.

കോട്ടയത്തൊരു സമ്മേളനത്തിൽ പൊലീസിനെ കല്ലെറിഞ്ഞു എന്ന കള്ളക്കേസിൽ കുടുക്കി മാമ്മനെ അറസ്റ്റു ചെയ്യിച്ചാണ് സിപി പ്രതികാരം ചെയ്തത്. ആറുമാസത്തെ ജയിൽവാസം മാത്രമല്ല, തിരുവിതാംകൂറിൽ പഠിപ്പിക്കില്ലെന്ന ഉത്തരവും മാമ്മനു ലഭിച്ചു! എറണാകുളം മഹാരാജാസ് കോളജിലും പ്രവേശനം നിഷേധിക്കപ്പെട്ട മാമ്മൻ തൃശൂർ സെന്റ് തോമസ് കോളജിലാണു പഠനം തുടർന്നത്. പിന്നീടു മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു ചേർന്ന മാമ്മൻ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടർന്നു ക്ലാസ് ബഹിഷ്കരിച്ചു; വീണ്ടും സസ്പെൻഷൻ. സേലം ജില്ലയിലെ കുഗ്രാമങ്ങളിൽ സ്വാതന്ത്യ്രസമര ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു അടുത്ത ദൗത്യം.

1943ൽ തിരുവിതാംകൂറിൽ തിരിച്ചെത്തി. സ്റ്റേറ്റ് കോൺഗ്രസിന്റെ തിരുവല്ല ഡിവിഷൻ സെക്രട്ടറിയായി. പലവട്ടം പൊലീസ് മർദനമേറ്റു.

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം കോൺഗ്രസ് സോഷ്യലിസ്റ്റും പിന്നീടു സോഷ്യലിസ്റ്റുമായി മാറി അദ്ദേഹം. 1952ൽ പിഎസ്പി സ്ഥാനാർഥിയായി തിരുവല്ലയിൽനിന്നു നിയമസഭയിലേക്കു മൽസരിക്കുമ്പോൾ ‘സോഷ്യലിസ്റ്റുകൾ കമ്യൂണിസ്റ്റുകളാണ്’ എന്നായിരുന്നു പ്രചാരണം. 500 വോട്ടുകളുടെ വ്യത്യാസത്തിനാണു പരാജയപ്പെട്ടതെന്നു മാമ്മൻ ഓർമിച്ചിരുന്നു.

ഉയരങ്ങൾ കീഴടക്കാനുള്ള വഴികൾ ഏറെ മുന്നിലുണ്ടായിരുന്നെങ്കിലും ഗാന്ധിമാർഗത്തിന്റെ ഔന്നത്യത്തിലായിരുന്നു ചെറുപ്പംമുതൽ കെ.ഇ.മാമ്മനു താൽപര്യം. അനീതി നടമാടിയ ഇടങ്ങളിലെല്ലാം ഖദർ ധാരിയായി, തോളിൽ സഞ്ചിയും തൂക്കി മെലിഞ്ഞു നീണ്ട ഈ മനുഷ്യൻ കടന്നുചെന്നു. മുഖംനോക്കാതെ ഉറച്ച സ്വരത്തിൽ നീതിക്കായി നിലകൊണ്ടു, കലഹിച്ചു. ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അവാർഡ് തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകിയും അദ്ദേഹം അനുകമ്പയുടെ ഭടനായി. 

വേറിട്ട വഴിയേ നടന്ന ഒറ്റയാൻ

1947    ഓഗസ്‌റ്റ് 15 പുലർച്ചെ. തിരുവല്ല നഗരത്തിൽ ഒറ്റയ്ക്കൊരാൾ ഈ മുദ്രാവാക്യം ഉച്ചത്തിൽ വിളിച്ചു നടന്നു പോയി – ‘‘ സ്വതന്ത്രഭാരതം ജയിക്കട്ടെ...’’

കെ.ഇ.മാമ്മനായിരുന്നു അത്. തൊട്ടുതലേന്ന് രാത്രിയാണ് അദ്ദേഹം ജയിൽമോചിതനാകുന്നത്. ദിവാൻ സി.പി.രാമസ്വാമി അയ്യരെ കെ.സി.എസ്. മണി വെട്ടിയതിനെ തുടർന്ന് സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ എതിർക്കുന്ന കോൺഗ്രസുകാരെ പൊലീസ് വ്യാപകമായി അറസ്‌റ്റു ചെയ്യുന്ന ഘട്ടം. 1947 ജൂലൈ 26ന് കെ.ഇ.മാമ്മനും അകത്തായി. അന്ന് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം സൈക്കിളിൽ പോകവെ തിരുവല്ലയിൽവച്ചാണ് പൊലീസ് പിടികൂടിയത്.

താൻ പഞ്ചായത്ത് പ്രസിഡന്റാണെന്നു മാമ്മൻ പൊലീസിനോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അപ്പോൾ, വീട്ടിൽ അമ്മ തനിച്ചാണ്, അവിടെവരെ പോകണമെന്നായി. തെങ്ങേലി എന്ന സ്ഥലത്തെ വീട്ടിൽ കൊണ്ടുപോയി അമ്മയെ കാണിച്ചു. അയൽക്കാർ ഉൾപ്പെടെ ഒട്ടേറെ പേർ തടിച്ചുകൂടി. സങ്കടപ്പെടുന്ന അമ്മയെ നോക്കി മാമ്മൻ ദേശാഭിമാന ബോധത്തോടെ പാടി: ‘‘അമ്മേ... ഞങ്ങൾ പോകട്ടെ... വന്നില്ലെങ്കിൽ കരയരുതേ...’

തിരുവല്ല ലോക്കപ്പിലേക്കാണു കൊണ്ടുപോയത്. പരമദയനീയമായിരുന്നു ലോക്കപ്പിലെ സ്‌ഥിതി. മൂത്രമൊഴിക്കാൻ ഒരു മൺകുടം ഉണ്ടായിരുന്നതൊഴിച്ചാൽ മറ്റൊരു സൗകര്യവുമില്ല. 

അടുത്തമാസം 14നു രാത്രിയാണു വിട്ടയയ്ക്കുന്നത്. ജയിലിൽനിന്നിറങ്ങിയ മാമ്മൻ കാത്തുനിന്നില്ല, ‘ഒറ്റയാൾ പ്രകടന’മായി സ്വതന്ത്രഭാരതത്തിനു ജയ് വിളിച്ചു. കെ.ഇ.മാമ്മന്റെ ജീവിതത്തിനു മൊത്തത്തിൽ ചേരുന്ന തലക്കെട്ടുമായി പിന്നീട് അത് – ഒറ്റയാൻ. 

പിൽക്കാലത്ത് പ്ലക്കാഡും പിടിച്ചു കോട്ടയത്തും തിരുവല്ലയിലും തിരുവനന്തപുരത്തേക്കു താമസം മാറ്റിയതോടെ സെക്രട്ടേറിയറ്റിനു മുന്നിലും അക്രമ സമരങ്ങൾക്കു മുന്നിലും നടത്തിയ എത്രയെത്ര ഒറ്റയാൻ സമരങ്ങൾ.

ഒരിക്കൽ കാൽനട യാത്രപോലും തടസ്സപ്പെടുത്തി സെക്രട്ടേറിയറ്റിനു മുന്നിലെ നാലുവരിപ്പാതയിൽ പൊലീസ് ബാരിക്കേഡ് സൃഷ്‌ടിച്ചതിനെതിരെ മാമ്മൻ റോഡിൽ കിടന്നു പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മാറ്റാൻ അദ്ദേഹം ശ്രമിച്ചപ്പോൾ പൊലീസിലെ പരിചയക്കാരും സുഹൃത്തുക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചു.

സിപിയുടെ പ്രേതമാണു സെക്രട്ടേറിയറ്റ് ഭരിക്കുന്നതെന്നും ജനങ്ങളെ തടയാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും ഉച്ചത്തിൽ ചോദിച്ചു മാമ്മൻ പൊട്ടിത്തെറിച്ചു. ഒടുവിൽ പൊലീസ് ബാരിക്കേഡിന്റെ ഒരുവശം തുറന്നുമാറ്റി. ട്രാഫിക് പൊലീസിന്റെ പണി ഏറ്റെടുത്തു മാമ്മൻ വാഹനങ്ങളെ നിയന്ത്രിച്ചു.

തിരുവനന്തപുരം കൈമനത്തെ ഗാന്ധിമന്ദിരം മൂത്രപ്പുരയായപ്പോൾ അദ്ദേഹം കോപംകൊണ്ടു വിറച്ചു. ‘നഗരസഭയ്‌ക്കോ ജില്ലാ ഭരണകൂടത്തിനോ നിവൃത്തിയില്ലെങ്കിൽ ഞാനെന്റെ സ്വാതന്ത്യ്രസമര പെൻഷൻകൊണ്ട് ഗാന്ധിമന്ദിരം വൃത്തിയാക്കും. കാവലിരുന്ന് മന്ദിരത്തെ രക്ഷിക്കും.’– അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ചിതാഭസ്‌മം കന്യാകുമാരിയിലേക്ക് കൊണ്ടുപോയപ്പോൾ ഇറക്കിവച്ച സ്‌ഥലമാണു കൈമനത്തെ ഗാന്ധിമന്ദിരം.

അനാവശ്യമായ ബന്ദിനെതിരെയും പിന്നീട് കോടതി നിരോധനം വന്നതോടെ ഹർത്താലിന്റെ വേഷത്തിൽ വന്ന ബന്ദിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. സംഘടിത വിഭാഗങ്ങൾ ജനങ്ങളെ ബന്ദികളാക്കുന്നതിനെതിരെ അസംഘടിതരായ സാധാരണ ജനത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം പ്ലക്കാഡു പിടിച്ചത്. 

‘അക്രമ മാർഗം സ്വീകരിക്കാതെ, വാഹനങ്ങൾക്കു നേരെ കല്ലെറിയാതെ, വാഹനഗതാഗതം തടസ്സപ്പെടുത്താതെ ജനപിന്തുണയോടുകൂടി മാത്രം ഹർത്താൽ നടത്തണം. ഹർത്താൽ അടിച്ചേൽപിക്കരുത്. ഹർത്താൽ നാലു മണിക്കൂർ ആക്കണം. വാഹനഗതാഗതം തടയുന്ന ഹർത്താൽ പ്രഖ്യാപിക്കുന്നവരുടെ മേൽ ക്രിമിനൽ കുറ്റം ചുമത്തി വലിയ തുക അവരിൽനിന്നു ഫൈൻ ഈടാക്കി ആശുപത്രികളിലെ അശരണ രോഗികൾക്കു മരുന്നുവാങ്ങണം’– ഇതായിരുന്നു മാമ്മന്റെ നിലപാട്.

ഹർത്താൽ കേരളം ‘മദ്യകേരളം’ ആയി മാറുകയാണെന്ന് അദ്ദേഹം വ്യാകുലപ്പെട്ടു. മദ്യദുരന്തം മുതൽ വ്യാജലോട്ടറി വരെയുള്ള സാമൂഹിക വിപത്തുകളെ തന്റേതായ രീതിയിൽ അദ്ദേഹം എതിർത്തുപോന്നു.

ഒത്തുതീർപ്പില്ലാത്ത ഗാന്ധിമാർഗം

‌ഗാന്ധിയൻ ആദർശങ്ങളെ ജീവിതചര്യയുമായി ഇണക്കിച്ചേർത്തു സ്വന്തമായൊരു തത്വശാസ്ത്രം രൂപപ്പെടുത്തിയതാണു കെ.ഇ.മാമ്മനെ കേരളം ശ്രദ്ധിക്കാൻ കാരണം. സമ്പന്നമായ കുടുംബത്തിലാണു ജനിച്ചതെങ്കിലും ഉയരങ്ങളിലേക്കുള്ള വഴികളെല്ലാം അദ്ദേഹം സ്വയം ഒഴിവാക്കി. അനീതിക്കെതിരായ പോരാട്ടവുമായി സ്വന്തം വിശ്വാസങ്ങൾക്കു വേണ്ടി ജീവിച്ചു. ആദ്യമൊക്കെ പലരും കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് മാമ്മൻ ആദർശ വീഥിയിലെ ഏകാന്തപഥികനായി.

മാമ്മന് ഇഷ്‌ടമില്ലാത്ത വാക്കായിരുന്നു ഒത്തുതീർപ്പ്. രാഷ്‌ട്രീയരംഗത്ത് ഉയർച്ചയിലേക്കു പോകാനുള്ള ഏണിപ്പടികൾ മാമ്മൻ മനഃപൂർവം വേണ്ടെന്നു വച്ചത് ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത ആദർശം ഒന്നുകൊണ്ടായിരുന്നു. ‘ഒരിക്കൽപോലും അധികാരത്തിന്റെ കസേരകൾ ഞാൻ സ്വപ്‌നം കണ്ടിട്ടില്ല. എന്റെ ഹൃദയത്തിന്റെ ഇരിപ്പിടം ആദർശവും വിശ്വാസവുമാണ്’. ‘വിട്ടുവീഴ്ചയില്ലാത്ത ആദർശശാലി’ എന്നാണു കെ.സി.മാമ്മൻമാപ്പിളയുടെ ജീവിത സ്മരണകളിൽ കെ.ഇ.  മാമ്മനെ വിശേഷിപ്പിച്ചത്.