കോവളം കൊട്ടാരം: റവന്യൂ വകുപ്പ് ജില്ലാ കോടതിയെ സമീപിക്കും

തിരുവനന്തപുരം∙ കോവളം കൊട്ടാരത്തിന്റെയും അതിന്റെ ഭാഗമായുള്ള 4.13 ഹെക്ടർ ഭൂമിയുടെയും ഉടമസ്ഥാവകാശത്തിനുവേണ്ടി റവന്യൂ വകുപ്പ് ഉടൻ ജില്ലാ കോടതിയെ സമീപിക്കും. ലാൻഡ് റവന്യൂ കമ്മിഷണറെയും കലക്ടറെയും ഇതിനായി ചുമതലപ്പെടുത്തും.

കൊട്ടാരത്തിന്റെയും അനുബന്ധ ഭൂമിയുടെയും കൈവശാവകാശം രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനു നൽകാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചതിനു പിന്നാലെയാണ് ഉടമസ്ഥാവകാശത്തിനായി കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിനുള്ള അവകാശം മന്ത്രിസഭ നിലനിർത്തിയിരുന്നു.

കോവളം കൊട്ടാരവും ഭൂമിയും സർക്കാരിന്റേതാണെന്നതാവും കോടതിയിൽ പ്രധാന വാദം. തെളിവായി 1970 മുതലുള്ള റവന്യൂ രേഖകൾ ഹാജരാക്കും. കൊട്ടാരവും ഭൂമിയും വിനോദസഞ്ചാര വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ടൂറിസം വകുപ്പിനു നൽകിയിരുന്നു. ഉടമസ്ഥാവകാശം പക്ഷേ കേന്ദ്രസർക്കാരിനു കൈമാറിയിരുന്നില്ല. ഉപയോഗത്തിനായി നൽകുന്നതിന്റെ വ്യവസ്ഥകൾ പിന്നീടു തീരുമാനിക്കാമെന്നും ഉത്തരവിലുണ്ട്. എന്നാൽ വ്യവസ്ഥകൾ പീന്നീടൊരിക്കലും വ്യക്തമാക്കിയില്ല.

അന്നത്തെ സ്്പെഷൽ സെക്രട്ടറി ജി. ഭാസ്കരൻ നായർ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ കൊട്ടാരം സംസ്ഥാന സർക്കാരിന്റേതാണെന്ന വാദമാകും ഉന്നയിക്കുക ഈ ഉത്തരവു പൂഴ്ത്തിവച്ചാണ് 2000 ൽ കൊട്ടാരവും ഭൂമിയും ഐടിഡിസി മാനേജരുടെ പേരിൽ കലക്ടർ പോക്കുവരവു ചെയ്തുനൽകിയതെന്നും ചൂണ്ടിക്കാട്ടും. സർക്കാരിന്റെ നയതീരുമാനവും രേഖാമൂലമുള്ള നിർദേശവും ഇല്ലാതെയായിരുന്നു പോക്കുവരവ്.

സംസ്ഥാന സർക്കാരാണ് ഐടിഡിസിക്കു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭൂമി നൽകിയത്. അതിനാൽ അതിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും പോക്കുവരവു ചെയ്തുകൊടുക്കുന്നതിനെക്കുറിച്ചു സർക്കാർ തീരുമാനം വേണം. കലക്ടറുടെ നിർദേശത്തിൽ ചെയ്ത പോക്കുവരവ് അസാധുവാക്കണമെന്നും കോടതിയിൽ ആവശ്യപ്പെടും.

കേന്ദ്രസർക്കാർ നിയമവിരുദ്ധമായാണു കൊട്ടാരം സ്വകാര്യ വ്യക്തികൾക്കു വിറ്റതെന്ന വാദവും ഉയർത്തും.