തിരുവനന്തപുരം∙ ഐഎംഎ മുൻ ദേശീയ പ്രസിഡന്റും കരമന ചെൽസ ആശുപത്രി ഉടമയുമായ പ്രശസ്ത സർജൻ ഡോ. വി.സി.വേലായുധൻ പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ടു നാലിനു ശാന്തികവാടത്തിൽ. ഭാര്യ: എ.പി.വിജയലക്ഷ്മി. മക്കൾ: ഡോ. കവിത (അമേരിക്ക), കിരൺ (ഓട്ടമൊബീൽ എൻജിനീയർ).
ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറായിരുന്ന വേലായുധൻപിള്ള കോൺഫെഡറേഷൻ ഓഫ് ഏഷ്യ– ഓഷ്യാനയുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ പ്രസിഡന്റ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ്, കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ടിസി മെഡിക്കൽ കൗൺസിൽ അംഗം, ദേശീയ മെഡിക്കൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡോ. ബി.സി.റോയ് അവാർഡും മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
ആരോഗ്യ നയരൂപീകരണ സമിതി അംഗമെന്ന നിലയിൽ പൊതുജനാരോഗ്യ രംഗത്തു മികച്ച സംഭാവനകൾ നൽകി. ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ ഐഎംഎയെ അദ്ദേഹം സജ്ജമാക്കി. മെഡിക്കൽ സമൂഹത്തിന്റെ അവകാശങ്ങൾക്കും പൊതുജനാരോഗ്യത്തിനും വേണ്ടി ദേശീയ ശ്രദ്ധ നേടിയ പല സമരങ്ങൾക്കും നേതൃത്വം നൽകി. മൂന്നു വർഷത്തെ സൈനിക സേവനത്തിനുശേഷമാണു സർക്കാർ സർവീസിൽ പ്രവേശിച്ചത്.
വിവിധ ജില്ലകളിൽ പ്രവർത്തിച്ചശേഷം തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ടും ആരോഗ്യ അഡീഷനൽ ഡയറക്ടറുമായിരിക്കെ 1995ലാണു വിരമിച്ചത്. ആലപ്പുഴ സ്വദേശിയാണ്. ഇന്നു രാവിലെ ഒൻപതിന് ആനയറയിലെ സംസ്ഥാന ഐഎംഎ ഹാളിലും 11നു ചെൽസ ആശുപത്രിയിലും പൊതുദർശനത്തിനു ശേഷം ഭൗതികശരീരം വസതിയായ കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗർ ഡാഫഡിൽസ് നമ്പർ 10ൽ എത്തിക്കും.