ന്യൂഡൽഹി ∙ മലയാളി താരം പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി രാജ്യസഭയിൽ പ്രതിഷേധം. സിപിഎമ്മിലെ കെ.സോമപ്രസാദാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ (എഎഫ്‌ഐ) നടപടി കുറ്റമറ്റതെന്ന് ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നു പല അംഗങ്ങളും ആവശ്യപ്പെട്ടു. ടീമിനെ തിരഞ്ഞെടുത്ത രീതിയെക്കുറിച്ചു പല കേന്ദ്രങ്ങളിൽനിന്നും പരാതിയുയർന്നിട്ടുണ്ടെന്നു ശൂന്യവേളയിൽ സോമപ്രസാദ് പറഞ്ഞു.
ഗുണ്ടൂരിൽ നടന്ന സീനിയർ അത്‌ലറ്റിക് മീറ്റിൽ പ്രകടനം മോശമായിരുന്നുവെന്നതാണു ചിത്രയ്‌ക്കെതിരെ ഫെഡറേഷൻ ഉന്നയിച്ച വാദം. എന്നാൽ, മീറ്റിൽ പങ്കെടുക്കാതിരുന്ന രണ്ടു പേർ ലോക ചാംപ്യൻഷിപ്പിനുള്ള ടീമിൽ ഇടംപിടിച്ചു. സിലക്ഷൻ പട്ടികപോലും അവസാന നിമിഷംവരെ രഹസ്യമാക്കി വച്ചു കരുതിക്കൂട്ടിയുള്ള നാടകമാണ് അവർ നടത്തിയതെന്നും സോമപ്രസാദ് ആരോപിച്ചു. എഎഫ്‌ഐയുടെ പ്രവർത്തനത്തെക്കുറിച്ചു സർക്കാർ അന്വേഷിക്കണമെന്നും ചിത്രയുടെ കാര്യത്തിൽ അനീതിയാണു സംഭവിച്ചതെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ പറഞ്ഞു.