തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ പുത്തൻ ദീർഘദൂര ബസായ മിന്നലിനു മിന്നും കലക്‌ഷൻ. ദിനംപ്രതി ലഭിക്കുന്നതു ശരാശരി രണ്ടരലക്ഷം രൂപ. നിരത്തിലിറങ്ങി ഒരുമാസമായി. ഒൻപതു സ്ഥലങ്ങളിലേക്കാണ് ഇപ്പോൾ മിന്നൽ സർവീസ്.
കഴിഞ്ഞ മൂന്നാഴ്ച കൊണ്ടുമാത്രം മിന്നൽ ബസുകൾ കെഎസ്ആർടിസിക്കു നേടിക്കൊടുത്തത് 24 ലക്ഷത്തിലധികം രൂപ. ഇതിൽ തിരുവനന്തപുരം – കാസർകോട് റൂട്ടിലോടുന്ന ബസാണ് ഉയർന്ന കലക്‌ഷൻ നേടിയത് – 31,700 രൂപ. എല്ലാ ബസുകളും സമയക്രമം പാലിച്ചാണ് ഓടുന്നതെന്ന് അധികൃതർ അറിയിച്ചു.
കട്ടപ്പന – തിരുവനന്തപുരം (22,000 രൂപ), മൂന്നാർ – തിരുവനന്തപുരം (24,500), തിരുവനന്തപുരം – പാലക്കാട് (27,000), പാലക്കാട് – തിരുവനന്തപുരം (29,000), മാനന്തവാടി – തിരുവനന്തപുരം (29,000), തിരുവനന്തപുരം – കാസർകോട് (31,700), ബത്തേരി – തിരുവനന്തപുരം (30,000), കണ്ണൂർ – തിരുവനന്തപുരം (28,500), കാസർകോട് – കോട്ടയം (26,000) എന്നിങ്ങനെയാണു കഴിഞ്ഞ മൂന്നാഴ്ചയിലെ മിന്നലിന്റെ ഓരോ റൂട്ടിലെയും ശരാശരി വരുമാനം.