കോവളം കൊട്ടാരം ആർപി ഗ്രൂപ്പിന് കൈമാറി

കോവളം∙ കോവളം കൊട്ടാരം ആർപി ഗ്രൂപ്പിന് ഔപചാരികമായി കൈമാറി. നെയ്യാറ്റിൻകര തഹസിൽദാർ എ.മാർക്കോസ്, വിഴിഞ്ഞം വില്ലേജ് ഓഫിസർ എ.മുരുകൻ എന്നിവരുൾപ്പെട്ട ഉദ്യോഗസ്ഥ സംഘം കോവളം പൊലീസിന്റെ സാന്നിധ്യത്തിൽ കൊട്ടാരത്തിന്റെ മുൻവാതിൽ തുറന്നശേഷം താക്കോൽ ആർപി ഗ്രൂപ്പ് ഹോട്ടൽ അധികൃതർക്കു കൈമാറുകയായിരുന്നു.

ഇതു സംബന്ധിച്ചു മഹസർ തയാറാക്കി. ഇവിടത്തെ പൊലീസ് സാന്നിധ്യം ഒഴിവാക്കാൻ എസ്ഐക്കു നിർദേശം നൽകിയതായി തഹസിൽദാർ പറഞ്ഞു. കൈമാറ്റം സംബന്ധിച്ചു കലക്ടർക്കു റിപ്പോർട്ട് നൽകുമെന്നു റവന്യു അധികൃതർ പറഞ്ഞു.

കോവളം കൊട്ടാരത്തിന്റെയും അനുബന്ധമായുള്ള 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ഗ്രൂപ്പിനു കൈമാറാൻ കഴിഞ്ഞ 27ലെ മന്ത്രിസഭാ യോഗത്തിലാണു തീരുമാനമെടുത്തത്.