കോട്ടയം ∙ ‘യൂറോപ്പിലേക്കു ടൂർ പോകുകയാണ്, രണ്ടു മൂന്നു ദിവസം ഫോണിൽ കിട്ടിയെന്നു വരില്ല, കേട്ടോ’– അമ്മയോടും അനുജത്തിയോടും പതിവു ഫോൺ വിളിക്കിടെ ഇങ്ങനെ പറഞ്ഞാണ് ഋഷി അവസാനിപ്പിച്ചത്. ഇനി ഒരിക്കലും ഋഷിയുടെ ശബ്ദം കേൾക്കാനാകില്ലെന്ന നടുങ്ങലിലാണ് ഋഷിയുടെ കുടുംബവും ബന്ധുക്കളും. ബ്രിട്ടനിലെ നോട്ടിങ്ങാം വാഹനാപകടത്തിൽ ഉൾപ്പെട്ട ഋഷി കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയായിരുന്നു. പഠനത്തിൽ മിടുക്കൻ. പയ്യപ്പാടി ഐഎച്ച്ആർഡിയിൽ പഠനത്തിന് ശേഷം ആദ്യ ശ്രമത്തിൽ തന്നെ ക്യാംപസ് സിലക്‌ഷൻ കിട്ടി വിപ്രോയിൽ ചേർന്നതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാനാകും എന്ന സന്തോഷവും ഋഷിക്കുണ്ടായിരുന്നു.
ആദ്യം ഹൈദരാബാദിലും തുടർന്നു ബെംഗളൂരുവിലും ജോലി ചെയ്തു. ഫെബ്രുവരിയിലാണ് ജോലിസംബന്ധമായ പ്രോജക്ടിന്റെ ഭാഗമായി ബ്രിട്ടനിലേക്കു പോയത്. ബ്രിട്ടിഷ് സർവകലാശാലയിൽ നാലുവർഷത്തെ കോഴ്സിനും ചേർന്നിരുന്നു. അനുജത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നതായിരുന്നു ഋഷിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാൻ അനുവദിക്കാതെയാണു മരണം ഋഷിയെ തട്ടിയെടുത്തത്.
വാരാന്ത്യത്തിനൊപ്പം മൂന്നുദിവസം അവധിയായതിനാൽ വിപ്രോയിലെ സുഹൃത്തുക്കൾക്കൊപ്പം ഋഷിയും യൂറോപ്യൻ പര്യടനത്തിനായി ചേരുകയായിരുന്നു. അപകടവിവരമറിഞ്ഞ് രാവിലെ തന്നെ നോട്ടിങ്ങാമിലെയും സമീപപ്രദേശങ്ങളിലെയും മലയാളികൾ ആശുപത്രിയിലെത്തി വാഹനം ഓടിച്ചിരുന്ന ബെന്നിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും മറ്റൊരു മലയാളി യുവാവുകൂടി മരിച്ച വിവരം വൈകിയാണ് അറിഞ്ഞതും സ്ഥിരീകരിച്ചതും. ലണ്ടനിലെ ഇന്ത്യൻ എംബസി ഇന്നലെ അവധി ആയതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഇന്നു മുതലേ ആരംഭിക്കുകയുള്ളൂ.