മാവേലിക്കര∙ കോടികളുടെ ബാങ്ക് തട്ടിപ്പിന്റെ പേരിൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖ മുൻ മാനേജർ ജ്യോതി മധുവിനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. ക്രമക്കേടിനെ തുടർന്നു ബാങ്ക് ഭരണസമിതി നിയോഗിച്ച അച്ചടക്ക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ജ്യോതി മധുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് ബാങ്ക് ഭരണ സമിതി നിയോഗിച്ച അച്ചടക്ക സമിതി ഇന്നലെ റജിസ്റ്റേഡ് തപാലിൽ അയച്ചു.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നു മാനേജർ ജ്യോതി മധു, കാഷ്യർമാരായ ബിന്ദു ജി.നായർ, കുട്ടിസീമശിവ എന്നിവരെ കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ സാമ്പത്തിക ക്രമക്കേട് നടന്നതു കഴിഞ്ഞ ഡിസംബറിലാണു കണ്ടെത്തിയത്. തുടർന്നു സഹകരണ വകുപ്പ് സംഘം നടത്തിയ പരിശോധനയിൽ 62 കോടി രൂപയുടെ ക്രമക്കേടു നടന്നതായും ഇതിൽ 34 കോടി രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
വായ്പ, സ്വർണപ്പണയം, നിക്ഷേപം സ്വീകരിക്കൽ എന്നിവയിൽ വൻ ക്രമക്കേടു നടന്നതായാണു കണ്ടെത്തിയത്. സംഭവം വിവാദമായതോടെ സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘവും സഹകരണ വിജിലൻസും അന്വേഷണം ആരംഭിച്ചു. ഭരണസമിതി അംഗങ്ങളായ കല്ലുമല രാജൻ (ചെയർമാൻ), പൊന്നപ്പൻ ചെട്ടിയാർ, സുജ ജോഷ്വാ എന്നിവരുടെ നേതൃത്വത്തിൽ അച്ചടക്ക നടപടി ആരംഭിക്കുകയും അന്വേഷണ ഓഫിസറായി അഭിഭാഷകനായ ആർ.ശ്രീനിവാസനെ നിയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബാങ്ക് ഭരണ സമിതിയെ സഹകരണ വകുപ്പ് പിരിച്ചുവിട്ടതോടെ അച്ചടക്ക കമ്മിഷനും ഇല്ലാതായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നു കുര്യൻ പള്ളത്ത് പ്രസിഡന്റായപ്പോൾ അച്ചടക്ക സമിതിയെ പുനർനിയമിച്ചു നടപടികൾ തുടരുകയായിരുന്നു. സഹകരണ വകുപ്പ് സസ്പെൻഡ് ചെയ്ത ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു.
ഇതിനിടെ, നിക്ഷേപകർ രൂപീകരിച്ച കൂട്ടായ്മ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ക്രൈം ബാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് പത്തനംതിട്ട ഡിവൈഎസ്പി ആർ.ജോസിന്റെ മേൽനോട്ടത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.