കോച്ച് ഒ.എം. നമ്പ്യാരുടെ ഓണത്തിനു ശിഷ്യരുടെ സ്നേഹമധുരവും

കണ്ണൂർ സ്പോർട്സ് ഡിവിഷൻ ആദ്യബാച്ചിലെ താരങ്ങൾ കോച്ച് ഒ.എം. നമ്പ്യാർക്കും ഭാര്യ ലീലയ്ക്കുമൊപ്പം.

വടകര ∙ കോച്ച് ഒ.എം. നമ്പ്യാരുടെ ഓണത്തിന് ഇത്തവണ ഓർമകളുടെ മധുരം കൂടിയുണ്ട്. പി.ടി. ഉഷയടക്കമുള്ള പ്രിയ ശിഷ്യരുടെ ഒത്തുചേരലാണ് മണിയൂർ പാലയാട്ടുനട ഒതയോത്ത്  വീട്ടിൽ ഇന്നലെ ആഘോഷമായത്. കണ്ണ‍ൂർ സ്പോർട്സ് ഡിവിഷനിലെ ആദ്യ ബാച്ചിലെ 13 താരങ്ങൾ വീട്ടിലെത്തിയപ്പോൾ മക്കളെയെല്ലാവരെയും ഒരുമിച്ചുകണ്ട സന്തോഷമെന്നാണു നമ്പ്യാർ പറയുന്നത്.

വന്നവരെല്ലാം ആചാര്യന്  ഓണക്കോടിയും സമ്മാനിച്ചു. പി.ടി. ഉഷയോടൊപ്പം കെ. സ്വർണലത, സി.ടി. ബിൽക്കമ്മ, പി.ജി. ത്രേസ്യാമ്മ, വി.വി. മേരി, എ. ലതാങ്കി, ത്രേസ്യാമ്മ ജോസഫ് എന്ന സിസ്റ്റർ സാനിറ്റ, ഡോ. ടി.പി. ആമിന, വി.വി. ഉഷ, എലിസബത്ത് ജോർജ്, ജമ്മ ജോസഫ്, മോളി ജോസഫ്, പി. സബിത എന്നിവരാണ് ഗുരുവിന്റെ ക്ഷണമനുസരിച്ച് ഓണാഘോഷത്തിനെത്തിയത്.

സംസ്ഥാന, ദേശീയ, രാജ്യാന്തര താരങ്ങൾ ഉൾപ്പെടുന്ന സംഘത്തിൽ  ഇന്നു കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരുമെല്ലാമുണ്ട്. ചിലർ മുത്തശ്ശിമാരായിരിക്കുന്നു. ഇവരെയാണോ കുട്ടികളെന്നു വിളിച്ചതെന്ന് ചോദിച്ച ഭാര്യ ലീലയോട് എനിക്കിപ്പോഴും ഇവരെല്ലാം കുട്ടികളാണെന്നായിരുന്നു നമ്പ്യാരുടെ മറുപടി.

ഓടിയും ചാടിയുമെല്ലാം 1977 മുതൽ 79 വരെ ഒരുമിച്ചുണ്ടായിരുന്ന താരങ്ങൾ  അതിനുശേഷം പലതവണയായി പല സ്ഥലങ്ങളിൽവച്ചു പരസ്പരം കണ്ടിട്ടുണ്ട്.  എല്ലാവരും തന്നെ ഉഷ സ്കൂളിലും വന്നിട്ടുണ്ട്. എങ്കിലും ഇത്രയും സമയം ഹൃദയം തുറന്ന് സംസാരിക്കാൻ കഴിഞ്ഞത് ഇപ്പോഴാണെന്നാണ് പി.ടി. ഉഷ പറഞ്ഞത്.

പഴയ താരങ്ങൾ പരസ്പരം പറഞ്ഞ കഥകളിൽ ജയങ്ങളുടെ മധുരവും പരാജയങ്ങളുടെ ചവർപ്പും നിറഞ്ഞു. തങ്ങളെ താരങ്ങളാക്കിയ നമ്പ്യാർ സാറിന്റെ ദേഷ്യവും സ്നേഹവുമെല്ലാം ഓർമകളായി പുറത്തുവന്നു. ദ്രോണാചാര്യയടക്കമുള്ള അവാർഡുകൾ ശിഷ്യർക്കായി  അദ്ദേഹം വീണ്ടും കൈകളിലെടുത്തു. ശിഷ്യർ മതിവരുവോളം ഫോട്ടോയുമെടുത്തു.  

നമ്പ്യാരെയും അദ്ദേഹം വീട്ടിൽ സൂക്ഷിക്കുന്ന കെടാവിളക്കിനെയും തൊഴുതിട്ടാണ് ഏവരും പടിയിറങ്ങിയത്. പുറപ്പെടും മുൻപ് എല്ലാവരും ഒരുമിച്ച്  പറയാതെ പറഞ്ഞൊരു കാര്യമുണ്ട്. തങ്ങൾ നമ്പ്യാർ സാറിന്റെ കുട്ടികൾ. അന്നും ഇന്നും എന്നും.