Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി ‌വിമാനത്താവളത്തിൽ വിമാനം ‌ഓടയിൽ കുടുങ്ങി

Flight-accident ഉയർത്താൻ, ഉയരാൻ... പിൻചക്രങ്ങൾ ഓടയിലേക്കു വീണ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉയർത്താനുളള ശ്രമങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നടക്കുന്നു. പിന്നിൽ റൺവേയിൽനിന്ന് പറന്നുയരാൻ തുടങ്ങുന്നത് സൗദി അറേബ്യൻ എയർലൈൻസിന്റെ കൊച്ചി – റിയാദ് വിമാനം. ചിത്രം: റോബർട്ട് വിനോദ്.

നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം ഇന്നലെ പുലർച്ചെ ടാക്സിവേയോടു ചേർന്നുള്ള ഓടയിൽ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ, അബുദാബിയിൽ നിന്നുള്ള ഐഎക്സ് 452 വിമാനമാണ് അപകടത്തിൽ പെട്ടത്. 102 യാത്രക്കാരും ആറു ജീവനക്കാരും പരുക്കില്ലാതെ രക്ഷപ്പെട്ടു. ആഭ്യന്തര ടെർമിനലിൽ സാധാരണ ഉപയോഗിക്കുന്ന ഏണി ഉപയോഗിച്ചാണ് എല്ലാവരും പുറത്തിറങ്ങിയത്. മറ്റു സർവീസുകൾ തടസ്സപ്പെട്ടില്ല.

ബോയിങ് ബി 737–800 വിമാനം പുലർച്ചെ 2.38നാണു റൺവേ തൊട്ടത്. രണ്ടു മിനിറ്റിനു ശേഷം റൺവേയെ ഏപ്രണുമായി ബന്ധിപ്പിക്കുന്ന ടാക്സിവേയിലേക്കു കടന്നു. പാർക്കിങ് മേഖലയായ ഏപ്രണിലേക്കു കടക്കാനുള്ള ലിങ്ക് പാതയിലേക്കു തിരിഞ്ഞപ്പോൾ ദിശ തെറ്റി. വലത്തേക്കു തിരിയേണ്ട പോയിന്റ് എത്തുന്നതിനു 90 മീറ്റർ മുൻപു തിരിഞ്ഞു. മുൻചക്രം മൂടിയില്ലാത്ത ഓടയിൽ വീണെങ്കിലും മുന്നോട്ടു ചാടി. പിൻചക്രങ്ങൾ ഓടയിൽ കുടുങ്ങി. രണ്ട് എൻജിനുകളും നിലത്തുരഞ്ഞ് അമർന്നു. വിമാനത്തിന്റെ കീഴ്ഭാഗങ്ങളും നിലത്തമർന്നു. വിമാനത്തിനകത്ത് ആഘാതം അനുഭവപ്പെട്ടു.

Plane-side-engine കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ‌എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പിൻചക്രങ്ങൾ ഓടയിൽ വീണതിനെ തുടർന്ന് എൻജിൻ നിലത്തുരഞ്ഞു നിന്നപ്പോൾ.

തെറ്റായ ദിശയിലാണു തിരിഞ്ഞതെന്നു മനസ്സിലായതോടെ പൈലറ്റ് കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു. ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിന്റെയും മറ്റു സുരക്ഷാ ഏജൻസികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമെത്തി. ഉടൻ ഏണിപ്പടികൾ എത്തിച്ചു യാത്രക്കാരെ മുൻവാതിലിലൂടെ ഇറക്കി. അവസാനത്തെ യാത്രക്കാരനും തുടർന്നു ജീവനക്കാരും ഇറങ്ങുമ്പോൾ ഒന്നര മണിക്കൂർ പിന്നിട്ടിരുന്നു.

വിമാനത്തിൽ ബാഗേജ് കയറ്റിയ ഭാഗത്തെ ഒരു വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ടെർമിനലിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കി യാത്രക്കാർ മടങ്ങി. പുറത്തെത്തിക്കാൻ വൈകിയ ബാഗുകൾ യാത്രക്കാരുടെ വീടുകളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ശ്യാം സുന്ദർ, എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, റൂറൽ ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ് തുടങ്ങിയവർ സ്ഥിഗതികൾ വിലയിരുത്തി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, എയർ ഇന്ത്യ എക്സ്പ്രസ് സുരക്ഷാ വിഭാഗം എന്നിവ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

Flight

ടാക്സിവേ

റൺവേയെ ഏപ്രണുമായോ ഹാംഗറുമായോ ബന്ധിപ്പിക്കുന്ന പാത. ടാക്സിവേയുടെ വീതി റൺവേയിലും കുറവാണ്. ടാക്സിവേയിലെ മഞ്ഞവരകളിലൂടെ വിമാനത്തിന്റെ മുൻചക്രം സഞ്ചരിക്കണം. വിമാനത്തിന്റെ വേഗം റൺവേയേക്കാൾ ഇവിടെ കുറവായിരിക്കും.

ഏപ്രൺ

വിമാനങ്ങൾ നിർത്തിയിടുന്ന മേഖല. യാത്രക്കാരെ കയറ്റുന്നതും  ഇറക്കുന്നതും സാധനങ്ങൾ ലോഡ് ചെയ്യുന്നതും  ഇവിടെവച്ച്

ഹാംഗർ

വിമാനങ്ങൾ കയറ്റിയിടാവുന്നത്ര ഉയരമുള്ള കെട്ടിടം. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതും ഇവിടെ.