ചെന്നൈ ∙ നീറ്റ് പരീക്ഷ അടിസ്ഥാനമാക്കി പ്രവേശനം നടത്തിയാൽ സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി വെല്ലൂരിലെ മദ്രാസ് ക്രിസ്ത്യൻ കോളജ് എംബിബിഎസ്, സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. കഴിഞ്ഞ ദിവസം ചേർന്ന സിഎംസി കൗൺസിൽ യോഗമാണു നിർണായക തീരുമാനമെടുത്തത്.
മാനേജ്മെന്റ് ക്വോട്ടയിലും പൊതു കൗൺസലിങ് വഴി പ്രവേശനം നൽകണമെന്ന നീറ്റിലെ വ്യവസ്ഥയ്ക്കെതിരെ സ്ഥാപനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ വിധി വന്നശേഷം പ്രവേശന നടപടികളിലേക്കു കടക്കാമെന്നാണു തീരുമാനം.
എംബിബിഎസിന് 100, പിജിക്ക് 192, സൂപ്പർ സ്പെഷ്യൽറ്റിക്ക് 192 സീറ്റുകളാണു സ്ഥാപനത്തിലുള്ളത്. ഇതിൽ കേന്ദ്ര ക്വോട്ട പ്രകാരം എബിബിഎസിനും സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിലും ഓരോ സീറ്റിൽ മാത്രമാണ് ഇത്തവണ പ്രവേശനം നടത്തുന്നത്. പിജി പ്രവേശന നടപടികൾ പൂർത്തിയായിരുന്നു.
എംബിബിഎസ് കോഴ്സിനു 3000 രൂപയും പിജിക്കു 400 രൂപയുമാണു ട്യൂഷൻ ഫീസ്.