Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം പാലിക്കണം, അല്ലെങ്കിൽ അതു മാറ്റണം: മീനാക്ഷി ലേഖി

meenakshi-lekhi കൊച്ചിയിൽ മലയാള മനോരമ ഓഫിസ് സന്ദർശിച്ച ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപിക്ക് എഡിറ്റർ ഫിലിപ് മാത്യു ഉപഹാരം നൽകുന്നു. ചിത്രം: മനോരമ.

കൊച്ചി ∙ ഓരോ വിഷയത്തിലും അതതിടത്തു നിലവിലുള്ള നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി. ഗോവധം നിരോധിച്ച സംസ്ഥാനങ്ങളിൽ ഗോമാംസത്തിനു വേണ്ടിയുള്ള ആവശ്യം അനുവദനീയമല്ല. എവിടെയെങ്കിലും അതിനു മാറ്റം വേണമെങ്കിൽ അവിടത്തെ അധികാരികൾ നിയമം മാറ്റുകയാണു വേണ്ടതെന്നും അവർ പറഞ്ഞു.

മലയാള മനോരമ ഓഫിസ് സന്ദർശിച്ച മീനാക്ഷി ലേഖി പത്രാധിപസമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പശുക്കടത്തു പോലുള്ള സംഭവങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെടുന്നതാണ് അക്രമങ്ങളിലേക്കു നയിക്കുന്നത്. പൊലീസ് പരാജയപ്പെടുമ്പോൾ ആൾക്കൂട്ടം നിയമം കയ്യിലെടുക്കുന്നു. ഇവ രണ്ടും നിയമവിരുദ്ധമാണ്. 

രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവായി വരുന്നതിൽ ബിജെപിക്കു താൽപര്യക്കുറവില്ലെന്ന് അഭിപ്രായപ്പെട്ട മീനാക്ഷി, അദ്ദേഹം രാഷ്ട്രീയമായി ആത്മവിശ്വാസമോ കരുത്തോ നേടിയതായി കരുതുന്നില്ലെന്നും പറഞ്ഞു. വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ വസ്തുതകൾ ആവർത്തിച്ചുറപ്പാക്കാൻ മാധ്യമ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കണമെന്നു പ്രസ് കൗൺസിൽ അംഗം കൂടിയായ അവർ പറഞ്ഞു. 

മീനാക്ഷി ലേഖിക്കു മലയാള മനേരമയുടെ ഉപഹാരം എഡിറ്റർ ഫിലിപ് മാത്യു സമ്മാനിച്ചു.