മലപ്പുറം∙ പ്രവചനങ്ങൾ തെറ്റിക്കാതെ വേങ്ങരയിൽ കരുത്തുകാട്ടി വീണ്ടും മുസ്‍ലിം ലീഗ്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ലീഗിലെ കെ.എൻ.എ.ഖാദർ 23,310 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ പി.പി.ബഷീറിനെ തോൽപിച്ചു. ബിജെപിയെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐ മൂന്നാമതെത്തി. സ്വതന്ത്രനായി മത്സരിച്ച ലീഗ് വിമതൻ ‘നോട്ട’യ്ക്കും പിന്നിലായി. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നിലനിർത്തി.
കെ.എൻ.എ.ഖാദർ 65,227 വോട്ട് നേടിയപ്പോൾ പി.പി.ബഷീറിനു ലഭിച്ചതു 41,917 വോട്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കു 38,057 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. ഭൂരിപക്ഷത്തിൽ ഇക്കുറി 14,747 വോട്ടിന്റെ കുറവ്.
അനായാസം വിജയിച്ചെങ്കിലും ഭൂരിപക്ഷം ഇടിഞ്ഞതു യുഡിഎഫിനു ക്ഷീണമായി. ആറര മാസം മുൻപു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മണ്ഡലത്തിൽ യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ 17,209 വോട്ടുകളുടെ കുറവുണ്ടായി. യുഡിഎഫിന്റെ വോട്ടുശതമാനത്തിലും കുറവുണ്ടായി. ആകെ വോട്ടിന്റെ 53.20 ശതമാനമാണു ഖാദർ നേടിയത്.
2016നെക്കാൾ 6.93 ശതമാനവും ലോക്സഭാ ഉപതിരഞ്ഞെടുപ്പിലേതിനെക്കാൾ 10.97 ശതമാനവും വോട്ട് കുറഞ്ഞു. എൽഡിഎഫിന് ആകെ വോട്ടിന്റെ 34.19% ലഭിച്ചു. അവരുടെ വോട്ടുവിഹിതം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെക്കാൾ 5.02 ശതമാനവും നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 5.76 ശതമാനവും വർധിച്ചു.
ബിജെപി 5,728 വോട്ടുകളോടെ നാലാം സ്ഥാനത്തായി. ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ 5,952 വോട്ടിനെക്കാളും 224 വോട്ട് കുറവ്. എസ്ഡിപിഐ നില മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ ഇരട്ടിയിലേറെ വോട്ടുകൾ (8,648). എന്നാൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ (9,058) ലഭിച്ചില്ല. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു എസ്ഡിപിഐ. ലീഗ് വിമതനായി മത്സരിച്ച എസ്ടിയു മുൻ ജില്ലാ ഭാരവാഹി കെ.ഹംസ 442 വോട്ടിലൊതുങ്ങി. നോട്ടയിൽ വീണത് 502 വോട്ട്.