Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ. സഖറിയ മാർ തെയോഫിലോസ് കാലം ചെയ്തു

Dr Zachariah Mar Theophilos

കോഴിക്കോട്∙ ഓർത്തഡോക്‌സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് (65) കാലം ചെയ്തു. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു 3.40നായിരുന്നു അന്ത്യം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മറ്റു മെത്രാപ്പൊലീത്തമാരും വൈദികരും സമീപമുണ്ടായിരുന്നു. 

ചാത്തമംഗലം ഹെർമോൻ അരമനയിലും തുടർന്നു ബിലാത്തികുളം സെന്റ് ജോർജ് കത്തീഡ്രലിലും എത്തിച്ച  മൃതദേഹം ഇന്നു കത്തീഡ്രലിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകും. രാത്രി 12.30 മുതൽ ആശ്രമത്തിൽ പൊതുദർശനം. കബറടക്കം നാളെ രാവിലെ 10നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

2005 ഒക്ടോബറിൽ മാർ തെയോഫിലോസ് മലബാർ ഭദ്രാസനത്തിന്റെ സഹായമെത്രാപ്പൊലീത്തയായി. 40 വർഷം ഭദ്രാസനത്തിന്റെ ചുമതല വഹിച്ചിരുന്ന തോമസ് മാർ തിമോത്തിയോസ് കാതോലിക്കാ ബാവായായി ഉയർത്തപ്പെട്ടതിനെ തുടർന്ന്  2006 ഡിസംബർ രണ്ടിനു ഭദ്രാസനാധിപനായി ചുമതലയേറ്റു. 

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചെങ്ങരൂരിൽ മഞ്ഞാനാംകുഴിയിൽ ചാണ്ടപ്പിള്ളയുടെയും അച്ചാമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1952 ഓഗസ്‌റ്റ് 17നു ജനിച്ച എം.സി. ചെറിയാൻ 1991 മേയ് 15നു വൈദികനായി. 2004ൽ റമ്പാനായ അദ്ദേഹം 2005 മാർച്ച് അഞ്ചിനു മെത്രാനായി അഭിഷിക്‌തനായി.   വൈദികനായിരിക്കെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ (എംജിഒസിഎസ്എം) ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.  

സഭാ ഭരണഘടന അനുസരിച്ചു മലബാർ ഭദ്രാസനത്തിന്റെ ഭരണം കാതോലിക്കാ ബാവാ ഏറ്റെടുത്തു. സഹായ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ തേവോദോസിയോസ് തുടരും. കബറടക്കം നടക്കുന്ന നാളെ ഓർത്തഡോക്സ് സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നു സഭാ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു.