കാലം ചെയ്ത ഡോ. സഖറിയ മാർ തെയോഫിലോസിനെ സുഹൃത്തും കവിയുമായ സുഗതകുമാരി അനുസ്മരിക്കുന്നു
ഏതോ ഒരു ജൻമത്തിൽ എന്റെ സഹോദരനായിരുന്നു ഈ വന്ദ്യപുരോഹിതൻ. ഞാൻ പരിചയപ്പെടുമ്പോൾ ചെറിയാൻ ശെമ്മാശ്ശൻ എന്ന ചെറുപ്പക്കാരനായിരുന്നു. ഒരു രാത്രി ഞങ്ങളുടെ അടുക്കൽ ശരണം തേടിയെത്തിയ ഗർഭിണിയായ യുവതിക്ക് എ നെഗറ്റീവ് രക്തം തേടി അദ്ദേഹത്തെ ഞാൻ സമീപിച്ചത് ഇന്നും ഓർമയിലുണ്ട്.
പത്തു ദിവസം മുൻപു മറ്റൊരാൾക്കു രക്തം നൽകിയിരുന്നെങ്കിലും ഒരു വൈമനസ്യവുമില്ലാതെ അദ്ദേഹം സമ്മതിച്ചു. അഭയയുടെ പ്രവർത്തകരോടൊപ്പം രാത്രി ഒരു മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി രക്തം നൽകി അവളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഏഴു മാസം ഗർഭിണിയായിരുന്ന അവളുടെ വയറ്റിൽ രണ്ടു കുഞ്ഞുങ്ങളായിരുന്നു അർധപ്രാണനായി കിടന്നിരുന്നത്.
ഞാൻ അന്നു മുതൽ എഴുതുകയും പറയുകയും ചെയ്യാറുണ്ട്, മരണത്തെ മുന്നിൽക്കണ്ട ഒരു മുസ്‌ലിം പെണ്ണിനു ക്രിസ്ത്യൻ പുരോഹിതന്റെ രക്തം നന്നായി ചേർന്നു. രാത്രി മുഴുവൻ അവൾക്കു വേണ്ടി ഓടിയതു രണ്ടുമൂന്നു ഹിന്ദുക്കളായിരുന്നു. സിസേറിയൻ കഴിഞ്ഞു കണ്ണുതുറന്ന അവൾ എന്റെ മുഖത്തുനോക്കിയാണ് ‘ഉമ്മാ’ എന്നു വിളിച്ചു കരഞ്ഞത്. ഇതാണ് ഇന്ത്യ, ഇതായിരിക്കണം ഇന്ത്യ എന്നുവിശ്വസിക്കുന്ന ആളാണു ഞാൻ.
അന്നുമുതൽ ചെറിയാൻ ശെമ്മാശ്ശൻ എനിക്കു രക്തബന്ധമുള്ള അനുജനായി. എന്റെ ദുഃഖങ്ങളിലെല്ലാം അദ്ദേഹം കൂടെനിന്നു. എന്റെ മരണാസന്നനായ ഭർത്താവിന്റെ രോഗശയ്യയ്ക്കരികിൽ വന്നിരുന്ന് ആശ്വസിപ്പിക്കുന്ന പ്രിയപ്പെട്ട ഈ സഹോദരന്റെ മുഖം എനിക്കു മറക്കാനാകില്ല.
എത്രയോ പാവങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പണിയെടുത്തത്, എത്രയോ പേർക്കു രക്തം നൽകി, എത്രയോ പേർക്കു വീടുവച്ചുകൊടുത്തു. ഒന്നിലും അദ്ദേഹം മതഭേദം കാണിച്ചിട്ടില്ല. അഭയയ്ക്കും എനിക്കും എന്നും സ്നേഹനിധിയായ ഒരു തണലായിരുന്നു അദ്ദഹം. കൊടിയ വേദനകൾക്കു ശേഷം ക്രിസ്തുനാഥന്റെ കൈയിൽ പിടിച്ച് അദ്ദേഹം മടക്കയാത്ര നടത്തുമ്പോൾ എനിക്ക് ഒന്നേ പ്രാർഥിക്കാനുള്ളൂ. പ്രിയപ്പെട്ട തിരുമേനി, എത്രയും പ്രിയപ്പെട്ട സഹോദരാ, ദൈവം അങ്ങേയ്ക്കു നിത്യമായ ആശ്വാസമരുളട്ടെ. സ്നേഹവും കാരുണ്യവും നിറഞ്ഞ ദൈവികലോകം അങ്ങയുടേതാണ്. എന്റെ നിറഞ്ഞ സ്നേഹവും കടപ്പാടും അറിയിക്കട്ടെ.