കോഴിക്കോട് ∙ ജീവിതത്തിലുടനീളം പ്രാർഥനാചൈതന്യം കൈവിടാതിരുന്ന മാർ തെയോഫിലോസ് അവസാനദിനവും പ്രാർഥനയാൽ നിറച്ചു. ഇന്നലെയും രാവിലെ അഞ്ചരയ്ക്കുണർന്നു നമസ്കാരങ്ങൾ പൂർത്തിയാക്കി. രോഗശയ്യയിലായിരുന്നപ്പോഴും ഒരിക്കലും അദ്ദേഹം യാമപ്രാർഥനകൾ മുടക്കിയിരുന്നില്ല. ഇന്നലെ രാവിലെ നമസ്കാരത്തിനു ശേഷം മെത്രാപ്പൊലീത്ത കാര്യമായി സംസാരിച്ചിരുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ഓർക്കുന്നു.
അന്ത്യനിമിഷങ്ങളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരായ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരും സമീപത്തുണ്ടായിരുന്നു. ഈ മാസം 15 മുതൽ മാർ തെയോഫിലോസ് എംവിആർ കാൻസർ സെന്ററിൽ ചികിൽസയിലായിരുന്നു. സെപ്റ്റംബർ 30ന് മൗണ്ട് ഹെർമോൺ അരമനയിലായിരുന്നു അദ്ദേഹം അവസാനമായി കുർബാനയർപ്പിച്ചത്. ഈ മാസം 14ന് നടന്ന പട്ടംകൊടുക്കൽ ശുശ്രൂഷയിൽ മുഖ്യകാർമികനുമായിരുന്നു.