തൃശൂർ ∙ അതു പാടിയതു സിവതന്നെ. പഠിപ്പിച്ചതു കുട്ടിയെ നോക്കുന്ന ‘ചേച്ചി’. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവയുടെ പേരിൽ പ്രചരിക്കുന്ന പാട്ട് സിവതന്നെ പാടിയതാണെന്നു ധോണിയുടെ അടുത്ത ബന്ധമുള്ള കേന്ദ്രം പറഞ്ഞു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന സിനിമാഗാനമാണു രണ്ടു വയസുള്ള സിവ കൊഞ്ചലോടെ പാടിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ അദ്വൈതത്തിലെ പാട്ടാണിത്. സിവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ധോണിതന്നെയാണ് ഇതു പുറത്തു വിട്ടത്. പാട്ട് ആരു പഠിപ്പിച്ചു എന്നതു വലിയ ചർച്ചയായിരുന്നു. കൃഷ്ണഭക്തരായ കുടുംബം യു ട്യൂബിൽനിന്നു പാട്ട് ഡൗൺലോഡ് ചെയ്തു സിവയെ പഠിപ്പിച്ചു എന്നായിരുന്നു മിക്കവരും പറഞ്ഞത്.
കുട്ടിയെ നോക്കുന്ന മലയാളിയായ ‘ചേച്ചി’യാണു പാട്ട് പഠിപ്പിച്ചത്. ഇവരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്താനാകില്ലെന്ന് ഈ വിവരം കൈമാറിയവർ പറഞ്ഞു. ധോണിയുടെയും കുടുംബത്തിന്റെയും സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ഔദ്യോഗികമായി പുറത്തുവിട്ടതുതന്നെയാണു പാട്ട്. ഇതു വൈറലായ വിവരവും ധോണിക്കും കുടുംബത്തിനും അറിയാം.
ധോണിയുടെ മകളെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്കു ക്ഷണിക്കും
അമ്പലപ്പുഴ ∙ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ...’ എന്ന ചലച്ചിത്രഗാനം സമൂഹമാധ്യമത്തിലൂടെ പാടി താരമായ, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ രണ്ടര വയസ്സുകാരി മകൾ സിവയെ ശ്രീകൃഷ്ണക്ഷേത്രത്തിലേക്കു വിളിച്ചുവരുത്തി ആദരിക്കാനുള്ള ഉപദേശക സമിതി തയാറെടുക്കുന്നു. സമിതി യോഗം അടുത്ത ദിവസം യോഗം ചേർന്ന് ഇതു സംബന്ധിച്ച തീരുമാനം ധോണിയെ അറിയിക്കുമെന്നു പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണനും സെക്രട്ടറി ബി.ശ്രീകുമാറും അറിയിച്ചു.
ജനുവരി 14ന് ആരംഭിക്കുന്ന പന്ത്രണ്ടുകളഭം ചടങ്ങിലോ മാർച്ചിലെ ഉത്സവത്തിനോ കുഞ്ഞിനെ ക്ഷേത്രത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു ധോണിക്കു കത്തയയ്ക്കും. ഇതിനായി തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ സഹകരണവും തേടും. പോയി ക്ഷണിക്കാനും ശ്രമിക്കും. അമ്പലപ്പുഴ പാൽപായസവും എത്തിക്കും. ‘അദ്വൈതം’ എന്ന ചിത്രത്തിലെ ‘അമ്പലപ്പുഴ’ ഗാനം കുഞ്ഞുസിവ പാടുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്തത്, സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്. രണ്ടു ലക്ഷത്തിലേറെ പേർ ഈ വിഡിയോ കണ്ടു കഴിഞ്ഞു.