Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലിറങ്ങിയ കരടി വീട്ടുവളപ്പിൽ; മയക്കുവെടിവച്ചു പിടികൂടി വനത്തിൽ വിട്ടു

bear കാടെവിടെ..ബത്തേരിയിൽ കാടിറങ്ങി വീട്ടുമുറ്റത്തെത്തിയ കരടി.

ബത്തേരി(വയനാട്)∙ നൂൽപുഴ ചെട്യാലത്തൂരിൽ കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ കരടിയെ നാട്ടുകാർ ഏഴു മണിക്കൂറിലേറെ വീട്ടുവളപ്പിൽ പൂട്ടി. വിശാലമായ മുറ്റത്ത് ചെലവഴിച്ച കരടിയെ ഒടുവിൽ വനംവകുപ്പ് മയക്കുവെടിയുതിർത്ത് പിടികൂടി. സമീപകാലത്ത് കരടിയെ പിടികൂടുന്നത് ഇതാദ്യമാണ്.

വലയ്ക്കുള്ളിലാക്കി വയനാട് വന്യജീവി സങ്കേതം ഡിവിഷനൽ ഓഫിസിലെത്തിച്ച കരടിക്ക് ചികിത്സ നൽകിയ ശേഷം ഇന്നലെ വൈകിട്ട് ഏഴരയോടെ മുത്തങ്ങ വനമേഖലയിൽ തുറന്നുവിട്ടു. ഒരു വയസ്സു മതിക്കുന്ന കരടിയാണ് നാട്ടിലിറങ്ങിയത് ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണ് വനാതിർത്തി ഗ്രാമമായ ചെട്യാലത്തൂരിലേക്ക് കരടിയെത്തിയത്.

ചെട്യാലത്തൂർ തെണ്ടൻകര മൺതടയണയുടെ നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളുടെ ഇടയിലേക്കാണ് കരടി വന്നത്. സമീപത്തു കൂടി നടന്നു നീങ്ങി കാട്ടിലേക്ക് കയറിപ്പോയ കരടി പൊടുന്നനെ വീണ്ടും തൊഴിലാളികൾക്കിടയിലേക്ക് ചാടി വീഴുകയായിരുന്നു. 32 തൊഴിലാളികളും ചിതറിയോടി. പലരും പലയിടത്തായി വീണു. ഇതിനിടെ മറ്റു രണ്ടു കരടികൾ കൂടി കാട്ടിൽ നിന്ന് പിറകെയെത്തി. എന്നാൽ അവ പെട്ടെന്നു തിരികെ കാട്ടിൽ കയറി. എന്നാൽ ആദ്യമെത്തിയ കരടി മൂന്നു പേരുടെ പിന്നാലെയോടി.

പ്രദേശവാസിയായ റിട്ട. അധ്യാപകൻ അപ്പുവിന്റെ മുറ്റവും ചെറിയ വീടും ഉൾപ്പെട്ട സ്ഥലത്തേക്ക് മൂന്നു പേരും ഓടിക്കയറിയതിന് പിന്നാലെ കരടിയും കയറി. വീടിനുള്ളിൽ കയറി മൂന്നു പേരും രക്ഷപ്പെട്ടെങ്കിലും കരടി സ്ഥലം വിട്ടില്ല. കരടിയുടെ ശ്രദ്ധ തിരിഞ്ഞ സമയം നോക്കി മൂന്നു പേരും പുരയിടത്തിന് പുറത്തിറങ്ങി ഗേറ്റ് പൂട്ടി. ചുറ്റും മതിലും ഗേറ്റുമുള്ള വീട്ടുമുറ്റത്ത് ഏഴു മണിക്കൂറോളം കരടി നിലകൊണ്ടു.

രാവിലെ ഒൻപതര മുതൽ മൂന്നു മണിവരെ മുറ്റത്തിനു ചുറ്റും നടക്കുകയായിരുന്നു കരടി. പിന്നീട് ഷെഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിനടിയിൽ കയറി കിടന്നുറങ്ങി. കരടിയുടെ മൂക്കിൽ ചെറിയ മുറിവുണ്ടായിരുന്നു. വൈകിട്ട് നാലരയോടെ വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അജയ്ഘോഷ്, ഫോറസ്റ്റ് വെറ്ററിനറി സർജൻമാരായ ഡോ. അരുൺ സഖറിയ, അരുൺ സത്യൻ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് അരുൺ സഖറിയ മയക്കുവെടിയുതിർത്തു.