Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്ക് ഉടമ കെ.നിർമലൻ മധുര കേ‍ാടതിയിൽ കിഴടങ്ങി

nirmalan-bank കെ.നിർമലൻ

പാറശാല∙ 600 കേ‍ാടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ നിർമൽ കൃഷ്ണ ബാങ്ക് ഉടമ കെ.നിർമലൻ(51) കേ‍ാടതിയിൽ കിഴടങ്ങി. കേരള, തമിഴ്നാട് പെ‍ാലീസ് സംഘങ്ങൾ രണ്ടു മാസമായി തിരഞ്ഞുവന്ന പ്രതി ഇന്നലെ ഉച്ചയ്ക്ക് 3.25നു മധുര തലാക്കുളത്തുള്ള സാമ്പത്തിക തട്ടിപ്പ് സ്പെഷൽ കേ‍ാടതിയിൽ കീഴടങ്ങുകയായിരുന്നു. 29 വരെ റിമാൻഡിലായ പ്രതിയെ മധുര സെൻട്രൽ ജയിലിലടച്ചു. രണ്ടു ദിവസമായി കേരള, തമിഴ്നാട് കേ‍ാടതികളിൽ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു.

കഴിഞ്ഞ ഒക്ടേ‍ാബർ ഏഴിനാണ് 54 വർഷമായി സംസ്ഥാനാതിർത്തിയായ മത്തംപാലയിൽ പ്രവർത്തിച്ചിരുന്ന നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന സ്ഥാപനം പൂട്ടി ഉടമ മുങ്ങിയത്. ഒരു ലക്ഷത്തിന് 1.40 രൂപ നിരക്കിൽ പലിശ നൽകിയായിരുന്നു നിക്ഷേപം സ്വീകരിക്കൽ. നേ‍ാട്ട് നിരേ‍ാധനമെത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ മാസങ്ങളായി പലിശ മുടങ്ങിയതേ‍ാടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. 100 പേർക്ക് തുക നൽകാമെന്നറിയിച്ചിരുന്ന ദിവസമാണു ബാങ്ക് പൂട്ടിയത്.

ബേ‍ാർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ഭാര്യ, സഹേ‍ാദരിമാർ, ബന്ധുക്കൾ, ജീവനക്കാർ എന്നിവരടക്കം പതിനഞ്ചോളം പ്രതികൾ ഒളിവിലാണ്. നിർമലനെ കസ്റ്റഡിയിൽ ലഭിക്കാൻ തമിഴ്നാട് അന്വേഷണസംഘം നാളെ കേ‍ാടതിയിൽ അപേക്ഷ സമർപ്പിക്കും.