കുസാറ്റിൽ 25 കോടി മുടക്കി അത്യാധുനിക വിശകലനകേന്ദ്രം; പക്ഷേ, കാലാവസ്ഥാ ബുള്ളറ്റിൻ ഇറക്കാൻ അവകാശമില്ല

കൊച്ചി∙ കേരള തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിനെക്കുറിച്ചു കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) എസ്ടി റഡാർ സ്റ്റേഷൻ കൃത്യമായി വിവരങ്ങൾ അറിഞ്ഞിരുന്നു, പക്ഷേ, ജനങ്ങളെ അറിയിക്കാൻ സ്റ്റേഷന് അനുമതിയില്ല. അന്തരീക്ഷത്തിൽ 315 മീറ്റർ മുതൽ 20 കിലോമീറ്റർ ഉയരത്തിൽ വരെ കാറ്റിന്റെ ഗതിയും സ്വഭാവവും വിലയിരുത്താൻ കഴിയുന്ന ഏറ്റവും ആധുനിക റഡാർ സ്റ്റേഷനാണിതെങ്കിലും ഇവിടെ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ കാലാവസ്ഥാ വിഭാഗം തയാറായിട്ടില്ല.

കഴിഞ്ഞ 27നു കുസാറ്റ് സ്റ്റേഷന്റെ വെബ്സൈറ്റിൽ തെക്കൻ കേരളത്തിൽ ശക്തമായ മഴ പ്രവചിച്ചിരുന്നു. ഇതിനൊപ്പമുള്ള ഗ്രാഫിൽ അതിശക്തമായ കാറ്റിന്റെ ഗതിയും സൂചിപ്പിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രമായ കുസാറ്റ് റഡാർ സ്റ്റേഷന് കാലാവസ്ഥാ പ്രവചന ബുള്ളറ്റിൻ ഇറക്കാൻ അനുമതിയില്ലെന്നാണു മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നിലപാട്. 205 മെഗാ ഹെഡ്സ് ശേഷിയുള്ള ലോകത്തെ ആദ്യത്തെ സ്ട്രാറ്റോസ്ഫെറിക് വിൻഡ് പ്രൊഫൈലർ റഡാർ (എസ്ടി റഡാർ) സംവിധാനമാണ് ഇവിടെയുള്ളത്. ആകാശത്തേക്കു മിഴിനട്ടിരിക്കുന്ന 619 ആന്റിനകൾ ശേഖരിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിൽ വിശകലനം ചെയ്താണു കാറ്റും മഴയും കാലാവസ്ഥയും പ്രവചിക്കുന്നത്. ഇതുവരെയുള്ള പ്രവചനങ്ങളൊന്നും തെറ്റിയിട്ടില്ല.

ഇതേസമയം, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കീഴിൽ തോപ്പുംപടിയിൽ ആരംഭിച്ച റഡാർ സെന്റർ ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ചുഴലിക്കാറ്റിനു പുറമേ കാലാവസ്ഥാ മാറ്റങ്ങളും കണ്ടെത്താൻ കഴിയുന്ന റഡാർ കേരളത്തിൽ ഇത്തരത്തിൽ ആദ്യത്തേതാണെന്നാണ് അവകാശപ്പെടുന്നത്. ജൂലൈയിൽ കേന്ദ്രമന്ത്രി ഹർഷ്‌വർധൻ റഡാർ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 500 കിലോമീറ്റർ അകലത്തിൽ വരെ അന്തരീക്ഷത്തിലുണ്ടാവുന്ന ചെറിയ വ്യതിയാനം പോലും കണ്ടെത്താൻ ഇൗ കേന്ദ്രത്തിനു കഴിയും. 200– 300 കിലോമീറ്റർ അകലെ വരെയുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. ചെലവ് 30 കോടി. പക്ഷേ, ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല.