Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലയൊടുങ്ങാതെ കാറ്റോർമകൾക്ക് ഒരാണ്ട്, കാറ്റെടുത്ത ആ കടൽകിനാക്കൾക്കും...

കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് പകല്‍ 11 മണിയോടടുപ്പിച്ചാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫിസിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസിലും എത്തിയത്. ചുഴലികൊടുങ്കാറ്റ് കേരള തീരത്തേക്ക് എത്തുന്നു, അതീവ ജാഗ്രത പാലിക്കണമെന്നായിരുന്നു സന്ദേശം.

അപ്പോള്‍ തന്നെ കനത്ത മഴയുടെ പിടിയിലായിരുന്ന കേരളം നടപടികള്‍ സ്വീകരിക്കുമ്പോഴേക്കും ‘ഓഖി’ എന്ന ചുഴലിക്കാറ്റ് കേരളതീരത്തോട് അടുത്തിരുന്നു. ഓഖിക്ക് പേര് നല്‍കിയത് ബംഗ്ലദേശാണ്. ‘ഓഖി’ എന്നാല്‍ ‘കണ്ണ്’ എന്നര്‍ഥം. ഓഖിയുടെ ആ തുറിച്ചുനോട്ടത്തിന്റെ തീവ്രത തിരിച്ചറിയുമ്പോഴേക്കും കേരളത്തിന്റെ തീരങ്ങളുടെ മനസു തകര്‍ന്നുപോയി.

കരയിലേക്കാളേറെ നഷ്ടം കടലിലാണുണ്ടായത്. കേരളത്തിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തുകൊണ്ടായിരുന്നു ആ കാറ്റോട്ടം. ഓഖിയുടെ മുന്നറിയിപ്പ് ലഭിക്കുന്നതിനു മുന്‍പു തന്നെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിരുന്നു. കാറ്റ് ശക്തമായതോടെ അവര്‍ കടലില്‍ കുടുങ്ങി. ചിലര്‍ ദൂരെയുള്ള തീരങ്ങളില്‍ ദിശമാറിയെത്തി.

soosannama-poonthura എന്റെ കടലമ്മേ...: പൂന്തുറ ചേരായമുട്ടം കടപ്പുറത്ത് കൊച്ചുമകൻ വിനേശിനെ കാണാതെ വാവിട്ടു കരയുന്ന സൂസാനമ്മ. ഓഖി വീശിയടിച്ച ദിനത്തിൽ അതറിയാതെ മൽസ്യബന്ധനത്തിനായി പുറപ്പെട്ട ഇരുപതിലേറെ വള്ളങ്ങളിൽ ഒന്നിലായിരുന്നു വിനേശൻ. ഫയൽ ചിത്രം – ബി. ജയചന്ദ്രൻ ∙ മനോരമ

കടലില്‍ അകപ്പെട്ട 1,116 മത്സ്യത്തൊഴിലാളികളെ നാവികസേന, വ്യോമസേന, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശപൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തിരച്ചിലിന് മത്സ്യത്തൊഴിലാളികളും പങ്കാളികളായി. ഔദ്യോഗിക കണക്കനുസരിച്ച് 52 മത്സ്യത്തൊഴിലാളികള്‍ ചുഴലിക്കാറ്റില്‍ മരിച്ചു. കാണാതായവർ 91. ഇവര്‍ക്കായി ബന്ധുക്കളുടെ കാത്തിരിപ്പ് തുടരുന്നു. 

സര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭിച്ചെങ്കിലും ദുരന്തത്തില്‍നിന്ന് തീരപ്രദേശം കരകയറിയിട്ടില്ല. ഓഖി വീശിയ സമയത്ത് പൂന്തുറ തീരത്തുനിന്നും പോയ മത്സ്യത്തൊഴിലാളികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വിനീഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അച്ഛന് അസുഖം വന്നതിനെത്തുടര്‍ന്നാണ് വിനീഷ് പതിനാലാം വയസില്‍ കടലില്‍പോയിത്തുടങ്ങിയത്.

തലേദിവസത്തെ പണിക്കുശേഷം വീട്ടില്‍വന്നുകിടന്ന വിനീഷ് വള്ളക്കാര്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് വീണ്ടും കടലിലേക്ക് പോയത്. വിനീഷ് പോയതോടെ അച്ഛനും നാലു മക്കളും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. മൂത്ത രണ്ടു സഹോദരങ്ങള്‍ ഇപ്പോള്‍ കടലില്‍പോയിത്തുടങ്ങി. 

∙ഓഖി, നവംബറിന്റെ ദുഃഖം

fisherman-at-airport-1 പേമാരിയിലും ചുഴലിക്കാറ്റിലും നടുക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചപ്പോൾ. അർധബോധാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ആംബുലൻസിൽ ഉടൻ ആശുപത്രിയിലെത്തിച്ചു. മരണത്തെ മുഖാമുഖം കണ്ട രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ആശ്വാസതീരത്തണഞ്ഞത്. ഫയൽ ചിത്രം – ബി.ജയചന്ദ്രൻ ∙ മനോരമ

നവംബര്‍ 28ന് ശ്രീലങ്കയ്ക്ക് തെക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ് മണിക്കൂറുകള്‍ക്കകം ഓഖി ചുഴലിക്കാറ്റും പേമാരിയുമായി മാറിയത്. 29 ന് രാവിലെ 11.30ഓടെ കേരള തീരത്തുനിന്ന് 70 കിലോമീറ്റര്‍ അകലെ ന്യൂനമര്‍ദം രൂപപ്പെട്ടു.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 75 - 85 കിലോമീറ്ററായി. വൈകിട്ട് 5.30 ന് കാറ്റിന്റെ വേഗം 84 കിലോമീറ്ററും രാത്രി 11.30ന് 93 കിലോമീറ്ററുമായും ഉയര്‍ന്നു. ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ 5.50ന് കാറ്റിന്റെ വേഗം 102 കിലോമീറ്ററായി. ഡിസംബര്‍ ഒന്ന് ഉച്ചയോടെ കാറ്റിന്റെ വേഗം 130 കിലോമീറ്ററായി. അപ്പോഴേക്കും കാറ്റ് കേരള തീരത്തുനിന്ന് 450 കിലോമീറ്റര്‍ അകലെ എത്തിയിരുന്നു.

ഡിസംബര്‍ ഒന്നിന് കേരളത്തിലും തമിഴ്നാട്ടിലുമായി നാലുപേർ മരിച്ചെന്ന റിപ്പോർട്ടുകളാണ് വന്നത്. തിരുവനന്തപുരത്തുനിന്ന് 62 ബോട്ടുകളിലായി 270 മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാല്‍ ഭീകരമായിരുന്നു പുറംകടലിലെ കാഴ്ച. ശരിയായ മുന്നറിയിപ്പില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 28,29 തീയതികളില്‍ കടലിലേക്ക് പോയിരുന്നു.

narendra-modi-meets-ockhi-affected-relatives ഓഖി ചുഴലിക്കാറ്റിൽപ്പെട്ടവരുടെ ആശ്രിതരെ സന്ദർശിക്കാൻ പൂന്തുറയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിങ്ങിപ്പെ‍ാട്ടുന്ന സ്ത്രീ. ഗവർണർ പി. സദാശിവം, വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, പി.സി തോമസ്, റിച്ചാർ‍ഡ് ഹെ എംപി, വി.എസ് ശിവകുമാർ എംഎൽഎ എന്നിവർ സമീപം. – ഫയൽ ചിത്രം.

ഓഖിയിലുണ്ടായ വലിയ തിരയില്‍ അവരുടെ വള്ളങ്ങള്‍ തകര്‍ന്നു, തൊഴിലാളികള്‍ വെള്ളത്തിലേക്ക് വലിച്ചെറിയപ്പെട്ടു. തകര്‍ന്ന വള്ളങ്ങളില്‍ മണിക്കൂറുകളോളം പിടിച്ചു കിടന്നാണ് പലരും ജീവിതത്തിലേക്ക് തിരികെ എത്തിയത്. തൊട്ടടുത്ത് സഹപ്രവര്‍ത്തകര്‍ മരണത്തിനു കീഴടങ്ങുന്നത് പലര്‍ക്കും കാണേണ്ടിവന്നു.

തിരുവനന്തപുരം സ്വദേശികളായ ലോറന്‍സ് ആന്റണിയും ലോറന്‍സ് ബര്‍ണാഡും ഒരുമിച്ചാണ് കടലിലേക്ക് പോയത്. തിരികെ വന്നത് ലോറന്‍സ് ബെര്‍ണാഡ് മാത്രം. തകര്‍ന്ന വള്ളത്തില്‍ ഇവര്‍ അഞ്ചുദിവസം പിടിച്ചുകിടന്നു. ആന്റണി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഒരു ഫിലിപ്പീന്‍സ് കപ്പലാണ് ബെര്‍ണാഡിനെ രക്ഷപ്പെടുത്തിയത്.

∙ ഓഖി എത്തുന്നത് സര്‍ക്കാര്‍ അറിഞ്ഞിരുന്നോ?

ഓഖി ദുരന്തത്തിന്റെ തീവ്രത വ്യക്തമായ ഡിസംബര്‍ മാസത്തിന്റെ ആദ്യദിനങ്ങളിലെ വലിയ ചര്‍ച്ച ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടായിരുന്നു. മരണസംഖ്യ പെരുകിയതോടെ വലിയ പ്രതിഷേധത്തിനാണ് തീരദേശം സാക്ഷ്യം വഹിച്ചത്. ദുരന്തബാധിതരെ കാണാന്‍ വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും നേരെ വലിയ പ്രതിഷേധമുണ്ടായി. 

pinarayi-returns-from-poonthura ഓഖി ചുഴലിക്കാറ്റിൽ കാണാതായ മൽസ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കാണാൻ വിഴിഞ്ഞത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനത്തെത്തുടർന്നു മറ്റൊരു കാറിൽ മടങ്ങിയപ്പോൾ. – ഫയൽ ചിത്രം.

സര്‍ക്കാര്‍ മുന്‍കരുതലെടുത്തില്ലെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. കേന്ദ്രസര്‍ക്കാരില്‍നിന്നോ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തില്‍നിന്നോ ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനിന്നു. അതിനെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് മാസങ്ങള്‍ക്കുശേഷം പാര്‍ലമെന്ററി സ്ഥിരം സമിതി നടത്തിയത്.

കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം നവംബര്‍ 29ന് നല്‍കിയ അറിയിപ്പില്‍ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യമായി പ്രവചിച്ചില്ലെന്നും അതിനാല്‍ അറിയിപ്പ് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കപ്പെട്ടില്ലെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 30ന് ചുഴലിക്കാറ്റുണ്ടായ ദിവസമാണ് കൃത്യമായ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയത്. മുന്നറിയിപ്പ് മൂന്നു ദിവസം മുന്‍പെങ്കിലും നല്‍കേണ്ടിയിരുന്നു. ഇനിയെങ്കിലും നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

∙ നികത്താനാകാത്ത നഷ്ടങ്ങള്‍, കടം ഇനിയും ബാക്കി

nirmala-seetharaman-at-poonthura ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരുടെ ബന്ധുക്കളെ പൂന്തുറ സെന്റ് തോമസ് പള്ളിയിൽ സന്ദർശിക്കാൻ എത്തിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ. – ഫയൽ ചിത്രം.

ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടേയും കാണാതായവരുടേയും കുടുംബത്തിന് 20ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നാലു ലക്ഷംരൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും 16 ലക്ഷംരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിച്ചു. രണ്ടര ലക്ഷം രൂപ വീതം മാതാപിതാക്കള്‍ക്ക് നല്‍കി.

അഞ്ചു ലക്ഷംരൂപ അവിവാഹിതരായ സഹോദരിക്ക് - സഹോദരിമാര്‍ക്ക് തുല്യമായി വീതിച്ചു. സഹോദരി മൈനര്‍ ആണെങ്കില്‍ രക്ഷകര്‍ത്താവിന്റെ സംയുക്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. പത്തു ലക്ഷം രൂപയും, മാതാപിതാക്കള്‍ക്കും സഹോദരിക്കും നല്‍കിയശേഷമുള്ള തുകയും മരണമടഞ്ഞയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും തുല്യമായി വീതിച്ചു. പണം അഞ്ചു വര്‍ഷത്തേക്ക് ട്രഷറിയില്‍ നിക്ഷേപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മരിച്ചതോ കാണാതായതോ ആയ ആളുകളുടെ ആശ്രിതരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് പണം പിന്‍വലിക്കുന്നതിനു നിബന്ധനകളോടെ കലക്ടര്‍മാര്‍ക്ക് അനുമതി നല്‍കി. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 2 ലക്ഷംരൂപ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കി. 143 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ദുരിതാശ്വാസ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. പരുക്ക് പറ്റിയ 179 തൊഴിലാളികള്‍ക്ക് ചികില്‍സാ സഹായമായി 8,68,000 രൂപ നല്‍കി. 

pinarayi-visiting-fisherman കടലിൽനിന്നു രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൽസ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചപ്പോൾ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ സമീപം. – ഫയൽ ചിത്രം.

ഓഖി ദുരന്തത്തില്‍ 221 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 3,251 വീടുകള്‍ വാസയോഗ്യമല്ലാതായി. 270 കുടിലുകള്‍ തകര്‍ന്നു. 384 ബോട്ടുകള്‍ക്കും 446 വലകള്‍ക്കും നാശനഷ്ടം സംഭവിച്ചു. ഇതിലൂടെയുണ്ടായ നഷ്ടം 9.4 കോടി. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ 150 കോടിരൂപയുടെ ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കി വരുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റുകളുടെ ഉദ്ഘാടനം കഴിഞ്ഞ മാസം നടന്നു.

17.5 കോടിരൂപ ചെലവില്‍ 192 കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചു നല്‍കിയത്. മരിച്ചവരുടേയും കാണാതായവരുടേയും 309 മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് നടപടികള്‍ സ്വീകരിച്ചു വരുന്നു. ഓഖിയില്‍ പൂര്‍ണമായും വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും വാങ്ങുന്നതിന് 10ലക്ഷംരൂപവീതം 7.62 കോടി അനുവദിച്ചിട്ടുണ്ട്. ഭാഗികമായി വീട് നഷ്ടപ്പെട്ടവരുടെ വീടുകള്‍ പുനരുദ്ധരിക്കുന്നതിന് 2.02കോടിരൂപയും അനുവദിച്ചു.

vs-meets-ockhi ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരുടെ ബന്ധുക്കളെ പൂന്തുറ സെന്റ് തോമസ് പള്ളിയിൽ സന്ദർശിക്കാൻ എത്തിയ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. - ഫയൽ ചിത്രം.

1,000 മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നതിന് 9.62 കോടിയും അനുവദിച്ചതായാണ് ഔദ്യോഗിക കണക്ക്. ഓഖിയില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാരില്‍ പത്താംതരത്തില്‍ താഴെ വിദ്യാഭ്യാസമുള്ളതും 40 വയസില്‍ താഴെ പ്രായമുള്ളവരുമായ 42പേര്‍ക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ ഫാക്ടറിയില്‍ ജോലി നല്‍കി. ആകെ 128 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

അടിയന്തര സഹായമായി കേന്ദ്രത്തോട് 416 കോടിരൂപ ആവശ്യപ്പെട്ടിട്ടും 111 കോടിരൂപ മാത്രമാണ് അനുവദിച്ചതെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. മത്സ്യമേഖലയുടെ പുനരുദ്ധാരണത്തിനായി 7,340 കോടിരൂപയുടെ സ്പെഷല്‍ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

ockhi-rahul-gives-respect ഓഖി ചുഴലിക്കാറ്റിൽപ്പെട്ടവരുടെ ആശ്രിതരെ സന്ദർശിക്കാൻ പൂന്തുറയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കാണാതായവരുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിച്ചപ്പോൾ. – ഫയൽ ചിത്രം.

എത്ര വലിയ കാറ്റു വന്നാലും തിരികെയെത്താമെന്ന മത്സ്യത്തൊഴിലാളികളുടെ വിശ്വാസമാണ് ഓഖിയോടെ തകര്‍ന്നത്. ഗൃഹനാഥന്‍ മരിച്ചതോടെ പല കുടുംബങ്ങളും സാമ്പത്തികമായി തകര്‍ന്നു. സര്‍ക്കാര്‍ നല്‍കിയ തുക പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ പലിശകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. പലരുടേയും വള്ളങ്ങള്‍ നഷ്ടപ്പെട്ടു. ചെറിയ വള്ളം കടലിലിറക്കുന്നതിന് 18ലക്ഷത്തോളം രൂപ ചെലവുവരുമെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

അഞ്ചുപേരടങ്ങുന്നവര്‍ പോകുന്ന വള്ളത്തിന് 25 ലക്ഷത്തോളം ചെലവു വരും. അഞ്ചുപേര്‍ പോകുന്ന വള്ളങ്ങളാണ് ദുരന്തത്തില്‍ കൂടുതലായും നഷ്ടപ്പെട്ടത്. മൂന്നു വള്ളങ്ങള്‍വരെ നഷ്ടപ്പെട്ടവരുണ്ട്. സ്വന്തം സമ്പാദ്യത്തിനു പുറമേ വായ്പയെടുത്താണ് മിക്കപേരും വള്ളമിറക്കിയത്. വള്ളം നഷ്ടമായതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നല്‍കിയ സഹായം കടം തീര്‍ക്കാന്‍പോലും കഴിയില്ലെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ദുരന്തത്തിന്ശേഷം പലരും പേടിയിലാണ്. ദുരന്തത്തെ അതിജീവിച്ചവര്‍ കടുത്ത മാനസിക സമ്മര്‍ദത്തെ നേരിടുന്നുണ്ട്. ഇനിയൊരിക്കലും മീന്‍പിടിക്കാന്‍ പോകാന്‍ കഴിയാതായവരും ദുരന്തത്തിന്റെ ബാക്കി പത്രമായുണ്ട്.

∙ ഓഖി, എന്തു പഠിച്ചു അധികാരികള്‍?

tebeena-albert-pic തിര തന്നത്: കടലിൽ നിന്നു രക്ഷപ്പെട്ട് തിരിച്ചെത്തിയ പൂന്തുറ ആൽബർട്ടിനു മുത്തം കൊടുക്കുന്ന മകൾ ടെബീന. ഫയൽ ചിത്രം – മനോജ് ചേമഞ്ചേരി ∙ മനോരമ

ഓഖി ചുഴലിക്കാറ്റ് ഉണ്ടായതിനുശേഷം കേരളത്തിന്റെ പ്രധാന ആവശ്യമായിരുന്നു രക്ഷാപ്രവര്‍ത്തനത്തിനായി എംഐ 17 വി 5 ഹെലികോപ്റ്റര്‍ വേണമെന്നത്. ഹെലികോപ്റ്റര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിക്കുമ്പോഴേക്കും ദുരന്തത്തിന്റെ വ്യാപ്തികൂടുമെന്ന നിര്‍ദേശം പരിഗണിക്കപ്പെട്ടിട്ടില്ല.

ഓഖിക്കുശേഷം പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് മത്സ്യത്തൊഴിലാളികളാണ്. സൈനികര്‍ ഉപയോഗിക്കുന്ന, 30പേരെ വരെ കയറ്റാവുന്ന ബോട്ടുകള്‍ വേണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. പ്രളയസമയത്ത് അലഹബാദില്‍നിന്ന് ഹെര്‍ക്കുലസ് വിമാനത്തിലാണ് ബോട്ടുകള്‍ എത്തിച്ചത്. ദുരന്ത പ്രതികരണ സേനയ്ക്കായി എറണാകുളത്ത് 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. ഇതുവരെ അവിടെ നിര്‍മാണ പ്രവര്‍നങ്ങള്‍ ആരംഭിച്ചിട്ടില്ല. തൃശൂരില്‍ ദുരന്ത പ്രതികരണ സേനയുടെ രണ്ടു യൂണിറ്റിനു താല്‍ക്കാലിക ഇടം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് നീരീക്ഷണകേന്ദ്രം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഈ കേന്ദ്രത്തെ റീജണല്‍ സൈക്ലോണ്‍ വാണിങ് സെന്ററാക്കി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഓഖി ദുരന്തത്തിനുശേഷം കാലാവസ്ഥാ മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട് ചില നിര്‍ദേശങ്ങള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് ദുരന്ത നിവാരണ അതോറിറ്റി കൈമാറിയിരുന്നു. കാര്യമായ പ്രതികരണം അക്കാര്യത്തിലുമില്ല.

‘തീരുമാനങ്ങള്‍ നടപ്പിലാകുന്നത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കും. ചിലര്‍ നന്നായി പ്രവര്‍ത്തിക്കും. മറ്റുള്ളവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കും. കൂട്ടായി പ്രവര്‍ത്തിക്കുമ്പോഴേ മാറ്റമുണ്ടാകൂ’ - റവന്യൂവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതിനൊരുദാഹരണമാണ് കോസ്റ്റ്ഗാര്‍ഡിന്റെ പ്രവര്‍ത്തനം. വിഴിഞ്ഞത്ത് നീളം കൂടിയ ജെട്ടികള്‍ നിര്‍മിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹെലികോപ്റ്ററുകള്‍ വഹിക്കാന്‍ കഴിയുന്ന കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് എത്താന്‍ കഴിയും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ഏറെ ഗുണം ചെയ്യും. എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന ധാരണയില്‍ വെറുതേയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളെന്നു സംസ്ഥാനവും, സംസ്ഥാനത്തിനു എല്ലാം നല്‍കുന്നുവെന്നു കേന്ദ്ര ഏജന്‍സുകളും പരസ്പരംപഴിചാരി കാലംകഴിച്ചാല്‍ ദുരന്തങ്ങള്‍ വീണ്ടുമുണ്ടാകുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

∙ പറയാനുണ്ട് മത്സ്യത്തൊഴിലാളികള്‍ക്കും

ockhi-1

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ലെന്നു സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി. പീറ്റര്‍ പറയുന്നു. മൂന്നു മറൈന്‍ അംബുലന്‍സുകള്‍ നല്‍കുമെന്നു പറഞ്ഞെങ്കിലും നടപടിയായില്ല. ഉപഗ്രഹ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ സഞ്ചാരം മനസിലാക്കാന്‍ കഴിയുന്ന ‘നാവിക്’ ഉപകരണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. തിരച്ചിലിന് ആധുനിക ബോട്ടുകളില്ല.

ആവശ്യത്തിനു ലൈഫ് ബാക്കറ്റുകളും ബോയകളുമില്ല. കടലില്‍പോകുന്നവരുടെ എണ്ണം മനസിലാക്കാന്‍ കഴിയുന്ന സംവിധാനവും പ്രവര്‍ത്തനക്ഷമമായില്ല. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതില്‍ ശാസ്ത്രീയ സമീപനം വേണമെന്ന് ടി.പീറ്റര്‍ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ അനുഭവ പരിചയവും ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിക്കണം. ‘ 40 കിലോമീറ്ററില്‍താഴെ വേഗത്തിലുള്ള കാറ്റു വന്നാല്‍ പോലും കടലില്‍ പോകരുതെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നത്.

അവരുടെ മുന്നറിയിപ്പുകള്‍ കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ആ മുന്നറിയിപ്പ് അനുസരിച്ചാല്‍ വര്‍ഷത്തില്‍ 200 ദിവസവും കടലില്‍ പോകാന്‍ കഴിയില്ല. ശാസ്ത്രീയമായ മുന്നറിയിപ്പാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യം. അമേരിക്കയിലുള്ളവര്‍ ഇന്ത്യന്‍ തീരത്തുണ്ടാകുന്ന കാറ്റിനെക്കുറിച്ച് കൃത്യമായി, ദിവസങ്ങള്‍ക്ക് മുന്‍പ് പ്രവചിക്കുന്ന ഇക്കാലത്ത് നമ്മുടെ ഏജന്‍സികളും കാലത്തിനൊത്ത് മാറണം’ - പീറ്റര്‍ പറയുന്നു.

related stories