Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യൂട്ടിക്കിടെ മദ്യപാനം; പിടിയിലായത് 130 ഇന്ത്യൻ പൈലറ്റുമാർ

pilot Representational image

കോട്ടയം∙ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിനു കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിവിധ വിമാനത്താവളങ്ങളിൽ പിടിയിലായതു 130 ഇന്ത്യൻ പൈലറ്റുമാർ. വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ഏവിയേഷൻ ഡയറക്ടർ ജനറൽ പുറത്തുവിട്ടതാണ് ഈ കണക്കുകൾ. ഈ കാലയളവിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചു പിടിയിലായ, എയർ ഹോസ്റ്റസ് ഉൾപ്പെടെയുള്ള മറ്റു വിമാനജീവനക്കാരുടെ എണ്ണം 412. ഇവരൊക്കെ, ഏതൊക്കെ വിമാനകമ്പനികളുടെ ജീവനക്കാരാണെന്ന ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല.

പുറത്തുവന്ന കണക്കുകൾ പ്രകാരം മദ്യപിച്ചു പിടിക്കപ്പെട്ട വൈമാനികരുടെ എണ്ണത്തിൽ ഒന്നാമതാണ് ഇന്ത്യ. വിമാനത്തിൽ കയറുന്നതിനു മുന്നോടിയായുള്ള വൈദ്യപരിശോധനയിലാണ് ഇവരെല്ലാം പിടിയിലായതെന്നും മദ്യപിച്ചവരെ വിമാനം പറത്താൻ അനുവദിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പിടിയിലായവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൈലറ്റുമാരുടെ പിഴവുകൊണ്ടാണു കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നതെന്നു വ്യോമയാന മന്ത്രാലയം മുൻപു വെളിപ്പെടുത്തിയിരുന്നു.

പിടിയിലായ പൈലറ്റുമാരുടെ എണ്ണം

2015 –43 പേർ

2016– 46

2017 നവംബർ വരെ –41.

മറ്റു ജീവനക്കാർ

2015 – 128

2016 – 138

2017 നവംബർ വരെ– 146

ന്യൂഡൽഹി വിമാനത്താവളത്തിലാണ് ഇക്കൊല്ലം ഏറ്റവും കൂടുതൽപേർ പിടിയിലായത്. 14 പൈലറ്റുമാരും 57 മറ്റു ജീവനക്കാരും. മുംബൈ (07, 33), ചെന്നൈ (5, 9,) കൊൽക്കത്ത (5, 11). നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു പൈലറ്റിനെയും ഒരു ജീവനക്കാരനെയും മദ്യപിച്ചു ജോലിക്കെത്തിയതിനു പിടികൂടി.