തൊടുപുഴ ∙ കൊട്ടാക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലെ പട്ടയരേഖകൾ കാണാതായതിനു പിന്നാലെ മൂന്നാർ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന്റെ രേഖകളും കാണാതായി. പാർട്ടി ഓഫിസിനു പട്ടയം നൽകിയതു സംബന്ധിച്ച നിർണായക വിവരങ്ങൾ അടങ്ങുന്ന നമ്പർ രണ്ട് റജിസ്റ്ററിനു പുറമേ, പട്ടയ ഫയലും ദേവികുളം താലൂക്ക് ഓഫിസിൽ നിന്നു കാണാതായി. വി.എസ്.അച്യുതാനന്ദന്റെ 2007ലെ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ ദൗത്യവും അവസാനിക്കുന്നതിനു കാരണമായത് ഓഫിസിനു മുന്നിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം, സർക്കാർഭൂമി കയ്യേറി നിർമിച്ചതാണെന്നു കെ.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം കണ്ടെത്തുകയും അതു പൊളിച്ചുമാറ്റാൻ തുടങ്ങുകയും ചെയ്തതാണ്. അന്ന് സിപിഐ നേതാക്കളും പ്രവർത്തകരും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ ദൗത്യസംഘം പിൻവാങ്ങുകയായിരുന്നു.
മൂന്നാർ ദേശീയപാതയോരത്തു പൊലീസ് സ്റ്റേഷന് എതിർവശത്താണ് ഓഫിസ് മന്ദിരം. നാലുനില കെട്ടിടത്തിൽ പാർട്ടി ഓഫിസിനു പുറമേ, ടൂറിസ്റ്റ് ഹോമും പ്രവർത്തിക്കുന്നുണ്ട്. രേഖകൾ എവിടെയാണെന്നതിനെക്കുറിച്ചു വ്യക്തമായ വിവരങ്ങളൊന്നും റവന്യുവകുപ്പിന്റെ പക്കലില്ല. പട്ടയ അപേക്ഷകളുടെ വിവരങ്ങളാണു നമ്പർ വൺ റജിസ്റ്ററിൽ സൂക്ഷിക്കുക. പട്ടയം നൽകിയതു സംബന്ധിച്ച വിവരങ്ങളാണു നമ്പർ രണ്ട് റജിസ്റ്ററിൽ രേഖപ്പെടുത്തുന്നത്. പട്ടയരേഖകൾ അടങ്ങുന്ന റജിസ്റ്ററുകളും പട്ടയ ഫയലും കാണാതായതിനു പിന്നിൽ ദുരൂഹത സംശയിക്കുന്നുണ്ട്.
മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് (കെഡിഎച്ച്) വില്ലേജിലെ സർവേ നമ്പർ 62/10 സിയിൽപ്പെട്ട 11.5 സെന്റ് ഭൂമിക്കാണു സിപിഐ സംസ്ഥാന കമ്മിറ്റിയുടെ പേരിൽ പട്ടയം നൽകിയിരിക്കുന്നത്. നമ്പർ രണ്ട് റജിസ്റ്ററും പട്ടയ ഫയലും ദേവികുളം താലൂക്ക് ഓഫിസിൽ ലഭ്യമല്ലെന്നു വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ ഡപ്യൂട്ടി തഹസിൽദാർ (സ്യൂട്ട് സെക്‌ഷൻ) പറയുന്നു. കാണാതായ രേഖകൾ എവിടെ ലഭ്യമാണെന്നതു ഡപ്യൂട്ടി തഹസിൽദാറുടെ മറുപടിയിൽ പരാമർശിക്കാത്തതും ദുരൂഹമാണ്. ഭൂമിയുടെ തണ്ടപ്പേർ ഉണ്ടെങ്കിലും പട്ടയരേഖകൾ കാണാനില്ലെന്നും നിലവിൽ ഇൗ സ്ഥലത്തിനു കരം സ്വീകരിക്കുന്നില്ലെന്നും മറുപടിയിലുണ്ട്. സർവേ നമ്പർ 62/10 സിയിൽ എത്ര പേർക്കു പട്ടയം നൽകിയെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ദേവികുളം താലൂക്ക് ഓഫിസിൽ ക്രോഡീകരിച്ചിട്ടില്ല.
ഇടുക്കി എംപി ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കും ഭൂമിയുള്ളതു കൊട്ടാക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലാണ്. ഇൗ ഭൂമിയുടെ പട്ടയ അപേക്ഷകളുടെയും പട്ടയം നൽകിയതിന്റെയും നമ്പർ 1, നമ്പർ 2 റജിസ്റ്ററുകൾ കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസിലാണു സൂക്ഷിച്ചിരുന്നത്. ഇവ കാണാതായിട്ടു വർഷങ്ങളായി.