തിരുവനന്തപുരം∙ കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നവർ 19. പൂജപ്പുര സെൻട്രൽ ജയിലിൽ പത്തും കണ്ണൂരിൽ ഏഴും വിയ്യൂരിൽ രണ്ടും പേർ. ഇവരിൽ പലരും അപ്പീൽ നൽകിയിട്ടുണ്ട്.
പൂജപ്പുര- ആന്റണി (ആലുവ കൂട്ടക്കൊല), അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്കുമാർ (പൂജപ്പുര ആര്യ കൊലക്കേസ്), റെജികുമാർ (ഒരുമനയൂർ കൂട്ടക്കൊല), ഷെരീഫ്, വിശ്വരാജൻ (മാവേലിക്കരയിൽ പിഞ്ചുകുട്ടിയെ പീഡിപ്പിച്ചുകൊന്ന കേസ്), നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല), അനിൽകുമാർ എന്ന ജാക്കി (ജെറ്റ് സന്തോഷ് വധം), രാജേഷ്, ഉത്തർപ്രദേശുകാരനായ നരേന്ദ്രകുമാർ
കണ്ണൂർ- പുതിയേടത്ത് റഷീദ് (പച്ചാളത്തു വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്), നാസർ, അബ്ദുൽ ഗഫൂർ (ഇരുവരും വയനാട്ടിൽ സ്ത്രീയെ പീഡിപ്പിച്ചുകൊന്ന കേസ്), അബ്ദുൽ നാസർ (നിലമ്പൂർ ചുള്ളിയോട് ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്), രാജേന്ദ്രൻ (ഇടുക്കി പീരുമേട്ടിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസ്), കെ.സി.ഹംസ (കാസർകോട് മുളിയാറിൽ വീട്ടുജോലിക്കെത്തിയ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ്), കെ.ആർ. ഉണ്ണി
(കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്) ഇതിൽ റഷീദിന്റെ വധശിക്ഷ, 40 വർഷത്തെ ജീവപര്യന്തം കഠിനതടവായി ഹൈക്കോടതി ഭേദഗതി ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് ജയിലിൽ എത്തിയിട്ടില്ല. ജയിലിലെ പട്ടികയനുസരിച്ച് റഷീദും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലാണ്.
വിയ്യൂർ- സോജു (അനിൽകുമാർ- അട്ടക്കുളങ്ങര ജയിലിനു മുൻപിൽ ബോംബെറിഞ്ഞു പ്രതിയെ കൊന്ന കേസ്), തോമസ് ആൽവാ എഡിസൻ (തിരുച്ചിറപ്പള്ളി സ്വദേശി- എറണാകുളത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നുപേരെ കൊന്ന കേസ്).
‘നിർഭയ’ സംഭവത്തിന് അഞ്ചു വർഷം
ഇന്ത്യയിൽ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും നടപടികൾക്കും വഴിയൊരുക്കാൻ നിമിത്തമായ‘നിർഭയ’സംഭവം നടന്നത് 2012 ഡിസംബർ 16ന്. ഫിസിയോതെറപ്പി വിദ്യാർഥിനി അന്നു രാത്രി ഡൽഹി ബസിൽ ക്രൂരമായ മാനഭംഗത്തിനിരയായി. ഡിസംബർ 29 നു പെൺകുട്ടി സിംഗപ്പുരിലെ ആശുപത്രിയിൽ മരിച്ചു. വിചാരണയ്ക്കിടെ മുഖ്യപ്രതി ജീവനൊടുക്കി. മറ്റു നാലു പ്രതികൾക്കു അതിവേഗ കോടതി വധശിക്ഷ വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. പ്രായപൂർത്തിയാകാത്ത പ്രതി പ്രത്യേക തിരുത്തൽ കേന്ദ്രത്തിൽ മൂന്നുവർഷം താമസിക്കണമെന്നായിരുന്നു വിധി.