പെരുമ്പാവൂർ∙ വധശിക്ഷ വിധിക്കപ്പെട്ട അമീറുൽ ഇസ്‌ലാമിന്റെ കൈകളാൽ കൊല്ലപ്പെട്ട യുവതിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ആ വീട് ഇപ്പോഴുമുണ്ട്. കനാൽ പുറമ്പോക്കിലെ ഈ വീട്ടിൽ 2016 ഏപ്രിൽ 28ന് ആണു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ ഡിഎൻഎ സാംപിൾ അടക്കം പ്രധാന തെളിവുകൾ കണ്ടെത്തിയതും ഈ വീട്ടിൽനിന്നു തന്നെ. അടച്ചുറപ്പില്ലാത്ത ഈ വീട്ടിലാണു വർഷങ്ങളോളം അമ്മയും മകളും പേടിയോടെ ജീവിച്ചത്. ഒടുവിൽ മരണം കടന്നുവന്നതും ഇവിടെ. കാടുകയറിയും ചിതലരിച്ചും പൊളിഞ്ഞുവീഴാറായ നിലയിലാണു വീടിപ്പോൾ.
കൊലപാതകത്തിനു ശേഷം അമീറുൽ ഇസ്‌ലാമിനെ പിടികൂടുന്നതു വരെ വീടിനു പൊലീസ് കാവലുണ്ടായിരുന്നു. പിന്നീടു പട്രോളിങ്ങും കാവലും രാത്രിയിൽ മാത്രമായി. മാതാവിനു സർക്കാർ മുടക്കുഴയിൽ വീടു നിർമിച്ചുനൽകി. 2016 ജൂലൈ എട്ടിനു താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. അമ്മയും സഹോദരിയും ഈ വീട്ടിലാണു താമസം.