തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ടും മർദിച്ചും 54 പവനും പണവും കവർന്നു

1. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡ് നന്നപ്പിള്ളി വീട്ടിൽ സ്വർണമ്മയെ കവർച്ചസംഘം മുറിയിൽ കെട്ടിയിട്ട നിലയിൽ. 2. ചികിൽസയിൽ കഴിയുന്ന ഗൃഹനാഥൻ നന്നപ്പിള്ളി ആനന്ദകുമാർ.

തൃപ്പൂണിത്തുറ ∙ ആശങ്ക പടർത്തി ഇതര സംസ്ഥാന ക്രിമിനൽ സംഘത്തിന്റെ കവർച്ച വീണ്ടും. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിൽ കവർച്ച നടത്തിയ സംഘത്തിന്റ ആക്രമണത്തിൽ ഗൃഹനാഥൻ ഉൾപ്പെടെ അഞ്ചു പേർക്കു പരുക്കേറ്റു.

 54 പവനും 20,000 രൂപയും മൊബൈൽ ഫോണുകളും കവർന്നു. മാരകായുധങ്ങൾ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു ശനിയാഴ്ച പുലർച്ചെ രണ്ടിനു കവർച്ച നടത്തിയത്. 15 പേരടങ്ങുന്ന ഉത്തരേന്ത്യൻ സംഘടിത കുറ്റവാളി സംഘമാണു കവർച്ച നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തിൽ മലയാളികളും ഉൾപ്പെട്ടതായി സൂചനയുണ്ട്. 

വീടിന്റെ മുൻഭാഗത്തെ  ജനലിന്റെ ഗ്രിൽ പിഴുതു മാറ്റിയാണു കവർച്ചക്കാർ അകത്തു കടന്നത്. ആനന്ദകുമാർ (49), അമ്മ സ്വർണമ്മ (72), ഭാര്യ ഷാരി (46), മക്കൾ ദീപക്, രൂപക്‌ എന്നിവരെ വീടിന്റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയിൽ കണ്ടെത്തി.

 മൂന്നു മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ കവർച്ചസംഘം അഞ്ചു മണിയോടെ പുറത്തു പോയപ്പോഴാണ്, ഇളയ മകൻ രൂപക് മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ അടർത്തിമാറ്റി ഒച്ചവച്ച് അയൽവാസികളെ വിവരമറിയിച്ചത്. സമീപവാസിയായ അഖിൽ തോമസ്  ഇവരെ രക്ഷപ്പെടുത്തി പൊലീസിനെ വിവരം അറിയിച്ചു.

 തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആനന്ദകുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ എട്ടു തുന്നിക്കെട്ടുണ്ട്. 

ഒരേക്കറിലേറെയുള്ള പുരയിടത്തിലാണ് ആനന്ദകുമാറിന്റെ വീട്. സമീപത്തെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിൽനിന്ന് എട്ടു പേരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ്നായ് മണംപിടിച്ചു സമീപത്തെ റെയിൽവേ ട്രാക്കിനു സമീപമെത്തി നിന്നു. കൊച്ചി സിറ്റി പൊലീസിന്റെ  പരിധിയിൽപെട്ട സ്ഥലങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ സമാനരീതിയിലുള്ള കവർച്ച നടന്നത്.

 വെള്ളിയാഴ്ച പുലർച്ചെ ആയുധങ്ങളുമായെത്തിയ നാലംഗം സംഘം പുല്ലേപ്പടിയിലെ വീട്ടിൽ വയോധികയുടെ അഞ്ചു പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. രണ്ടു വീടുകളും റെയിൽവേ ട്രാക്കിനു സമീപമാണെന്ന സമാനതയുമുണ്ട്.