Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ ഭരണത്തിൽ ജനം ഭീതിയിൽ: ചെന്നിത്തല

INTUC ഐഎൻടിയുസി ദേശീയ പ്രവർത്തകസമിതി സമ്മേളനം കൊച്ചിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി ∙ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന മോദി സർക്കാർ സമൂഹത്തിൽ വർഗീയ വിഷം കുത്തിവച്ചു ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കറൻസി പിൻവലിക്കലും മുന്നൊരുക്കമില്ലാതെ ജിഎസ്ടി നടപ്പാക്കിയതും ജനങ്ങളുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞു. പൊതുമേഖലാ സ്‌ഥാപനങ്ങളെല്ലാം വിറ്റു തുലയ്ക്കുകയാണ്. ഇതിനെതിരെ തൊഴിലാളി ശബ്ദം ഉയരണം. ഐഎൻടിയുസിക്ക് അർഹമായ പരിഗണന നൽകാൻ പാർട്ടി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

പൊതുമേഖലാ സ്‌ഥാപനങ്ങൾ വിറ്റഴിക്കാൻ വേണ്ടിമാത്രം പ്രവർത്തിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളതെന്ന് അധ്യക്ഷത വഹിച്ച ഐഎൻടിയുസി ദേശീയ പ്രസിഡന്റ് ഡോ.ജി. സഞ്ജീവ റെഡ്‌ഡി ആരോപിച്ചു. സംഘടനയ്ക്ക് പാർട്ടി നേതൃത്വം നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നു സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.

കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ, ഐഎൻടിയുസി ദേശീയ ജനറൽ സെക്രട്ടറിയും ബിഹാർ മുൻ മന്ത്രിയുമായ രാജേന്ദ്ര പ്രസാദ് സിങ്, രാഘവയ്യ, അശോക് സിങ്, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

ട്രേഡ് യൂണിയൻ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി യോഗം ആരംഭിച്ചത്. സംഘടിക്കാനും വിലപേശാനും വിവേചനമില്ലാത്ത സമീപനം ലഭിക്കാനും മിനിമം കൂലി ആവശ്യപ്പെടാനും തൊഴിലാളിക്ക് അവകാശമുണ്ടെന്ന് യോഗം പ്രഖ്യാപിച്ചു. കാർഷിക മേഖലയിലെ അസംഘടിത വിഭാഗങ്ങളെ സംഘടിപ്പിക്കാൻ തീരുമാനിച്ചു.