Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനദ്‌ദാന സമ്മേളനത്തോടെ മർകസ് റൂബി ജൂബിലി സമ്മേളനം സമാപിച്ചു

markaz-ruby-jubilee കോഴിക്കോട്ട് കാരന്തൂരിൽ മർകസ് റൂബി ജൂബിലി സമാപന സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ സനദ് ദാന പ്രഭാഷണം നടത്തുന്നു.

കുന്നമംഗലം ∙ ജനസഹസ്രങ്ങൾ പങ്കെടുത്ത സനദ്‌ദാന സമ്മേളനത്തോടെ മർകസ് റൂബി ജൂബിലി സമ്മേളനം സമാപിച്ചു. നാലു പതിറ്റാണ്ടു കൊണ്ട് മർകസ് നേടിയ വളർച്ചയും കരുത്തും വിളിച്ചോതിയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഇന്നലെ ഉച്ചമുതൽ തന്നെ കാരന്തൂർ മർകസിനു സമീപത്തേക്കു വിവിധ ദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പ്രവർത്തകരുമായി എത്തി. മൂന്നു മണിയോടെ കാരന്തൂർ ജനസമുദ്രമായി മാറി. സമ്മേളനത്തിൽ 1261 പേർക്ക് മതമീംമാസയിൽ സഖാഫി ബിരുദവും 103 പേർക്കു ബിരുദാനന്തര ബിരുദവും ഖുർആൻ മനഃപാഠമാക്കിയ 198 പേർക്ക് ഹാഫിള് പട്ടവും നൽകി.

യുഎഇ റെഡ് ക്രസന്റ് ചെയർമാൻ ഡോ. ശൈഖ് ഹംദാൻ മുസല്ലം അൽ മസ്റൂഇ സമ്മേളനം ഉദ്ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശമാണ് മർകസ് ലോകമെങ്ങും നൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാർ ആധ്യക്ഷ്യം വഹിച്ചു. 

പാവപ്പെട്ട മുസ്‌ലിം സമുഹവുമായി ഐക്യപ്പെടാൻ കഴിയുന്നവരാണ് മർക്കസിലേക്കു വരുന്നതെന്നു  സനദ് ദാന പ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ദേശീയ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞു.മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾക്ക് അരങ്ങൊരുക്കുന്നതിന്റെ തുടക്കമാണ് മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ നടക്കുന്നതെന്നു വേണം സംശയിക്കാനെന്നു കാന്തപുരം പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്തയെത്തന്നെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. 

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതരുടെ ശക്തമായ കൂട്ടായ്മ മർകസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. മർകസ് ആരംഭിച്ച സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉയർത്താനും നോളജ് സിറ്റിയിലെ പദ്ധതികൾ പൂർത്തിയാക്കാനുമാണ് അടുത്ത പത്തു വർഷം ശ്രദ്ധ ചെലുത്തുകയെന്നു കാന്തപുരം വിശദീകരിച്ചു.

ടുണീസിയയിലെ സൈയ്ദുന (സൈതൂന) യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ഹിശാം അബ്ദുൽ കരീം ഖരീസ സനദ്‌ദാനം നിർവഹിച്ചു. 

ലൈഫ് സ്റ്റൈൽ സമ്മേളനം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ഉലമാ സമ്മേളനത്തിൽ ഹോങ്കോങ് ഇസ്‌ലാമി മുസ്‌ലിം പണ്ഡിത സഭ നേതാവ് ഹാഫിള് ഖാരി ശുഐബ് നൂഹ് ആലിം മഹ്ദരി മുഖ്യാതിഥിയായി പങ്കെടുത്തു. മഹല്ല് പ്രതിനിധി സമ്മേളനം, ദക്ഷിണ മേഖലാ പണ്ഡിത സമ്മേളനം എന്നിവയും നടത്തി.