കൊച്ചി∙ തൃശൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ വ്യാജഅപ്പീൽ വിധികൾ ഹാജരാക്കിയെന്ന കേസിൽ ഒന്നാംപ്രതി സതികുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. വ്യാജഅപ്പീൽ ഇടപാടിനു പിന്നിൽ വൻലോബി പ്രവർത്തിക്കുന്നുണ്ടെന്നും തന്നെ അന്യായമായി കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണു ഹർജി.
സബ്ജില്ലാതലം മുതൽ കലോത്സവങ്ങളിൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും വിധികർത്താക്കളെ സ്വാധീനിച്ചുള്ള ക്രമക്കേടുകൾ ധാരാളമുണ്ട്. വിധികർത്താക്കളുടെ പാനൽ നിർണയത്തിൽ രാഷ്ട്രീയ ഇടപെടലുമുണ്ട്. രണ്ടു കുട്ടികളുടെ രക്ഷിതാവായ താൻ ഇതിന്റെ ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഹർജിക്കാരൻ പറയുന്നു.
കേസിൽ രണ്ടും മൂന്നും പ്രതികളായ നൃത്താധ്യാപകരെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.