Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്സിനുകളെ അനുകൂലിച്ചത് സർക്കാർ സമ്മർദത്താൽ: എ.എം. ആരിഫ് എംഎൽഎ

A.M. Arif

ആലപ്പുഴ ∙ എംആർ വാക്സിൻ വിഷയത്തിൽ സർക്കാരിന്റെ സമ്മർദമുണ്ടായിരുന്നതിനാൽ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടിവന്നുവെന്ന് എ.എം.ആരിഫ് എംഎൽഎ. വാക്സിനേഷൻ സംബന്ധിച്ചു സർക്കാരിന്റെ കർശനമായ നിർദേശം ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ഏറെ സമ്മർദത്തോടെ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ‍ പ്രചരിപ്പിക്കാനും എതിരഭിപ്രായങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും എൽഡിഎഫ് സർക്കാർ നിലപാടെടുക്കുന്നതിനിടയിലാണു സർക്കാരിനെ വെട്ടിലാക്കി എംഎൽഎയുടെ പരാമർശം. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സ് കേരള സംഘടിപ്പിച്ച ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

‘എന്റെ മക്കൾക്ക് ഒരു വാക്സിനേഷനും നൽകാതെയാണു വളർത്തിയത്. ഒരു ഭാഗത്തു സർക്കാരിന്റെ കർശന നിർദേശം നിലനിൽക്കുമ്പോൾ മറുഭാഗത്തു ശീലമില്ലാത്തൊരു സ്വഭാവം എന്നെ ഭരിക്കുന്നു. ഈ സമയത്തു തന്നെയാണു വാക്സിനേഷൻ സംബന്ധിച്ച അവലോകന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വന്നത്. വിശ്വസിക്കാത്തവർക്ക് അതു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടായിരുന്നു അന്നും. അനുസരിച്ചേ മതിയാകൂ എന്നതിനാൽ ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ സ്വീകരിച്ചത്. എംആർ വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല. നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങൾ അവതരിപ്പിക്കാൻ കഴിയണം. ഇതിലൂടെ മാത്രമേ വാദങ്ങൾ സമൂഹത്തിൽ അംഗീകരിക്കപ്പെടുകയുള്ള‍ു. അതിനുള്ള പരിശ്രമങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യണം – ആരിഫ് പറഞ്ഞു.