കൊച്ചി ∙ ചിത്രകാരൻ അശാന്തൻ (വി.കെ. മഹേഷ്–50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം പോണേക്കര പീലിയാട് തമ്പ് കുടുംബാംഗമാണ്. ഭാര്യ: മോളി. ചിത്രകലയിലും ശിൽപകലയിലും ഡിപ്ലോമ നേടിയ ശേഷമാണ് അശാന്തൻ കലാരംഗത്തു സജീവമാകുന്നത്.
ചിത്രകലയുടെ എല്ലാ സമ്പ്രദായങ്ങളിലും അസാമാന്യ പ്രതിഭ പ്രകടപ്പിച്ച അശാന്തൻ ദേശത്തും വിദേശത്തും നടത്തിയ പ്രദർശനങ്ങളിലൂടെ ശ്രദ്ധേയനായി. കുറച്ചുകാലം ചിത്രകല–വാസ്തുകലാ അധ്യാപകനുമായിരുന്നു. 1998, 99, 2007 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടി. സംവിധാനം, അഭിനയം, കലാസംവിധാനം എന്നിവയിലൂടെ അമച്വർ നാടകരംഗത്തും സജീവമായിരുന്നു.
ചങ്ങമ്പുഴയുടെ രമണൻ പെൻസിൽ സ്കെച്ചുകളിലൂടെ പൂർത്തിയാക്കാനിരിക്കെയാണ് അന്ത്യം. മൃതദേഹം ദർബാർ ഹാൾ കലാകേന്ദ്രത്തിലും ഇടപ്പള്ളി ഫ്രണ്ട്സ് ലൈബ്രറി ഹാളിലും പൊതുദർശനത്തിനു വച്ചു. സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം നടത്തി.