ആലപ്പുഴ∙ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയ നടപടികളിലേക്കു കടക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സിപിഎം യോഗങ്ങൾ ഇന്ന്. ജില്ലാ കമ്മിറ്റി, തിരഞ്ഞെടുപ്പു മണ്ഡലം കമ്മിറ്റി യോഗങ്ങളാണ് ഇന്നു ചെങ്ങന്നൂരിൽ ചേരുന്നത്.
തുടർന്നു കോടിയേരി മണ്ഡലത്തിലെ പ്രമുഖരെയും പാർട്ടി പ്രവർത്തകരെയും നേരിട്ടു കാണും. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം യോഗങ്ങളിൽ കോടിയേരി വ്യക്തമാക്കുമെന്നാണു സൂചന. മന്ത്രി ജി. സുധാകരനും യോഗങ്ങളിൽ പങ്കെടുക്കും.
ഭരണത്തിന്റെ വിലയിരുത്തൽ ആയതിനാൽ ഏതു വിധേനയും ചെങ്ങന്നൂരിൽ ജയിക്കണമെന്ന നിർദേശമാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കുന്നത്. പ്രദേശവാസിയായ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കണമെന്ന ചർച്ചയാണ് ആദ്യ ഘട്ടത്തിൽ പാർട്ടിയിൽ ഉയർന്നത്. മുൻപു കുറഞ്ഞ ഭൂരിപക്ഷത്തിനു പരാജയപ്പെട്ട സജി ചെറിയാന് അടുത്ത കാലത്തു നടത്തിയ ജനകീയ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ സീറ്റ് നിലനിർത്താൻ കഴിയുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.
എന്നാൽ, നായർ സമുദായത്തിൽ നിന്നു സ്ഥാനാർഥിയെ കണ്ടെത്തണമെന്ന അഭിപ്രായവുമുണ്ട്. പ്രചാരണത്തിന് 24 മേഖല തിരിച്ചുള്ള പ്രവർത്തനമാണു സിപിഎം ആസൂത്രണം ചെയ്തിട്ടുള്ളത്.