കോൺഗ്രസ് ബന്ധം വെട്ടി പിണറായി; കേരളം മാത്രമല്ല ഇന്ത്യയെന്നു കാനം

മലപ്പുറം∙ സിപിഐ മുന്നോട്ടുവയ്ക്കുന്ന നിർദിഷ്ട കോൺഗ്രസ് സഹകരണ സാധ്യതയെ സംസ്ഥാന സമ്മേളനവേദിയിൽ അതിനിശിതമായി തള്ളിപ്പറഞ്ഞു സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ. ഏച്ചുകെട്ടിയുള്ള അത്തരം സഖ്യം കമ്യൂണിസ്റ്റ് കാഴ്ചപ്പാടിനു നിരക്കുന്നതല്ല. ആരുടെയെങ്കിലും വാലായിനിന്ന് ഇടതുപക്ഷത്തെക്കുറിച്ചുള്ള പ്രതീക്ഷ തല്ലിക്കെടുത്തരുത്– മുഖ്യമന്ത്രി പറഞ്ഞു.

കേരളം മാത്രമാണ് ഇന്ത്യയെങ്കിൽ ഇപ്പറഞ്ഞതൊക്കെ ശരിയാണെന്ന് അതേ വേദിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വ്യത്യാസം കമ്യൂണിസ്റ്റുകാർ തിരിച്ചറി‍ഞ്ഞു പ്രവർത്തിക്കണം– കാനം പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഇടതുപക്ഷം– പ്രതീക്ഷകൾ, സാധ്യതകൾ’ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിലാണു ബിജെപിക്കെതിരെയുള്ള സഖ്യരൂപീകരണം സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത കൂടുതൽ വ്യക്തമായത്. ബിജെപിക്കെതിരെയുള്ള പോരാട്ടം കോൺഗ്രസുമായി ചേർന്നു ഫലപ്രദമാകില്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികളുമായുള്ള കോൺഗ്രസിന്റെ സമരസപ്പെടലാണു രാജ്യത്തു വർഗീയ ധ്രുവീകരണത്തിനും ബിജെപിയുടെ കടന്നുകയറ്റത്തിനും വഴിയൊരുക്കിയത്. വർഗീയവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തിയതു വഴി ന്യൂനപക്ഷങ്ങളുടെ വിശ്വാസം കോൺഗ്രസ് നഷ്ടപ്പെടുത്തി. കോൺഗ്രസുമായി ചേർന്നുകൊണ്ട് എങ്ങനെയാണു വിശ്വാസ്യതയുള്ള മതനിരപേക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കാൻ കഴിയുക?

സാമ്പത്തിക, വിദേശ രംഗങ്ങളിൽ പഴയ നയത്തെ തള്ളി സാമ്രാജ്യത്വ പ്രീണന നയം കോൺഗ്രസ് സ്വീകരിച്ചു. ഗുജറാത്തിൽ വിവിധ വിഭാഗങ്ങൾ അനുകൂലമായിട്ടും വിജയിക്കാൻ കോൺഗ്രസിനു കഴിയാതെപോയതു ജനവിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ്.

ബിജെപിക്കെതിരായ സമരത്തിൽ കോൺഗ്രസിനെ അണിചേർത്താൽ അതു വിശ്വാസ്യതയുള്ള ബദലാകില്ല. ഇടതുപക്ഷമാണ് ഇന്നു രാജ്യത്തിന്റെ പ്രതീക്ഷ. വിവിധ ജനാധിപത്യ ശക്തികളെയും പ്രാദേശിക കക്ഷികളെയും ചെറു ഗ്രൂപ്പുകളെയും ചേർത്തുള്ള മഹാപ്രവാഹമാണു വേണ്ടത്. അതിന്റെ ശക്തിസ്രോതസ്സായി ഇടതുപക്ഷം പ്രവർത്തിക്കണം– പിണറായി ആവശ്യപ്പെട്ടു.

ബിജെപിയെക്കാൾ കോൺഗ്രസിനെ ഉന്നമിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നതു ശ്രദ്ധേയമായി.

മുഖ്യശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷം മാത്രം മതിയെന്നു ചരിത്രം ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ചർച്ച ഉപസംഹരിച്ചുള്ള അധ്യക്ഷ പ്രസംഗത്തിൽ കാനം രാജേന്ദ്രൻ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിനും കക്ഷികളുടെ ശക്തിക്കും അനുസരിച്ചാണു ചെറുത്തുനിൽപിന്റെ രൂപങ്ങൾ സൃഷ്ടിക്കേണ്ടത്.

ഫാഷിസത്തെ ചെറുക്കാൻ പ്രായോഗിക രാഷ്ട്രീയത്തിന്റെ മാർഗവും സ്വീകരിക്കേണ്ടിവരും. സംഘപരിവാറാണു മുഖ്യ രാഷ്ട്രീയ ശത്രുവെന്നകാര്യത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും രാഷ്ട്രീയപ്രമേയങ്ങൾ യോജിക്കുന്നു. ബാക്കി പിന്നീടു തീരുമാനിക്കേണ്ടതാണ്. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്നവരെ നിരാശരാക്കുന്ന സാഹചര്യം ഉണ്ടാകരുത്. മുഖ്യമന്ത്രി വേദിവിട്ടശേഷമുള്ള പ്രസംഗത്തിൽ കാനം പറഞ്ഞു.

യുഡിഎഫ് വിട്ട തന്റെ പാർട്ടി ഇടതുപക്ഷത്തിന്റെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്നു ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ പറഞ്ഞു. രണ്ടു പാർട്ടികളുടെയും നേതാക്കളുടെ മുന്നിൽ ആ അഭ്യർഥന വയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ് എസ്), എ.കെ. ശശീന്ദ്രൻ (എൻ‍സിപി), കെ. കൃഷ്ണൻകുട്ടി (ജനതാദൾ എസ്) എന്നിവരും പ്രസംഗിച്ചു.

മാണി വേണ്ടേ, വേണ്ട; കോൺഗ്രസിനെ കൂട്ടാം എന്നു സമ്മേളനവികാരം

ബിജെപിയെ ചെറുത്തുതോൽപിക്കാൻ കോൺഗ്രസിനെ കൂടി ഒപ്പം കൂട്ടേണ്ടിവരുമെന്നു സിപിഐ സംസ്ഥാന സമ്മേളനത്തിൽ പൊതുവികാരം. കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യസാധ്യത ആരായണം. രാജ്യത്തെ പൊതു സാഹചര്യത്തിന് അനുസരിച്ചുള്ള അടവാണ് ഇക്കാര്യത്തിൽ വേണ്ടത്. പ്രായോഗികമായി നീങ്ങാൻ ഇടതുപക്ഷത്തിനു കഴിയണം. പ്രസംഗിച്ചവരിൽ‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. കെ.എം. മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്നും പ്രതിനിധികൾ തീർത്തുപറഞ്ഞു.