Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജസ്റ്റിസ് ശ്രീദേവിക്ക് അന്ത്യാഞ്ജലി

Justice D. Sridevi

കൊച്ചി ∙ കേരള ഹൈക്കോടതി ജഡ്ജിയും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിക്ക് (79) അന്ത്യാഞ്ജലി. ഇന്നലെ പുലർച്ചെ രണ്ടിനു കലൂർ ആസാദ് റോഡിലെ വസതിയിലായിരുന്നു അന്ത്യം. രവിപുരം ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.

ചിറയിൻകീഴ് കൂന്തല്ലൂരിൽ അധ്യാപക ദമ്പതിമാരായിരുന്ന ദാമോദരന്റെയും ജാനകിയുടെയും മകളായ ശ്രീദേവി, വനിതകൾ നിയമപഠനം നടത്തുന്നത് അപൂർവമായിരുന്ന കാലത്താണു തിരുവനന്തപുരം ലോ കോളജിൽനിന്നു ബിഎൽ വിജയിച്ച് അഭിഭാഷകയായത്. മുൻസിഫ് പരീക്ഷ വിജയിച്ച് 1971ൽ കൊട്ടാരക്കര മുൻസിഫ് ആയി തുടക്കം. 84ൽ ജില്ലാ ജഡ്ജിയായി. സിബിഐ കോടതി ജഡ്ജി, സെക്രട്ടേറിയറ്റിൽ നിയമവിഭാഗം ഡപ്യൂട്ടി സെക്രട്ടറി, ഇലക്ട്രിസിറ്റി ബോർഡ് ലോ ഓഫിസർ, എംഎസിടി ജഡ്ജി എന്നീ സ്ഥാനങ്ങൾ വഹിച്ച ശ്രീദേവി കുടുംബക്കോടതിയുടെ ആദ്യ ജഡ്ജിയായിരുന്നു.

1987ൽ ഇടുക്കിയിലെ തങ്കമണിയിൽ സ്ത്രീകൾക്കെതിരായ പൊലീസ് അതിക്രമം സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകി. 1997ൽ ഹൈക്കോടതി ജഡ്ജിയായി. 2001 ഏപ്രിലിൽ വിരമിക്കുന്നതിന് ഒരു മാസം മുൻപ് രാഷ്ട്രപതിയുടെ അനുമതിയോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തെത്തുകയായിരുന്നു. ഒരു വർഷത്തിനുശേഷം വനിതാ കമ്മിഷൻ പിരിച്ചുവിട്ടതു വിവാദമായെങ്കിലും പിന്നാലെ പിന്നാക്ക കമ്മിഷൻ അധ്യക്ഷയായി.

2007ൽ ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തെത്തിയ ശ്രീദേവി 2011 വരെ തുടർന്നു. സ്ത്രീധനത്തിനും വനിതകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെയുള്ള നിലപാടുകളും നടപടികളും ഏറെ ശ്രദ്ധേയമായി. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ നിന്നു ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച യു. ബാലാജിയാണ് ഭർത്താവ്. മകൻ ഹൈക്കോടതി അഭിഭാഷകനായ ബസന്ത്. മരുമകൾ: സിമ്മി