ചെന്നൈ / പത്തനാപുരം∙ നടി ശ്രീവിദ്യയുടെ പേരിൽ അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലുള്ള ഫ്ലാറ്റ് ആദായനികുതി വകുപ്പ് 26നു ലേലം ചെയ്യുന്നു. നികുതി കുടിശിക ഈടാക്കാൻ നടത്തുന്ന ലേലത്തിൽ അടിസ്ഥാന വില 1.14 കോടി രൂപയായിരിക്കും. 62 ലക്ഷം രൂപയാണു നികുതി കുടിശിക.
എൺപതുകളിൽ വാങ്ങിയ ഈ ഫ്ലാറ്റിലാണ് ചെന്നൈയിലെത്തുമ്പോൾ ശ്രീവിദ്യ താമസിച്ചിരുന്നത്. അവരുടെ മരണശേഷം 2006ൽ ആദായനികുതി വകുപ്പ് ഏറ്റെടുത്തു. അന്നുമുതൽ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ വാടകയ്ക്കു താമസിക്കുകയാണ്. വാടകയായ 13,000 രൂപ ലഭിക്കുന്നത് ആദായനികുതി വകുപ്പിനാണ്. ഈ അഭിഭാഷകൻ ലേലത്തിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി നടപടി തുടരാൻ അനുവദിച്ചു. കഴിഞ്ഞ 12ന് ആണ് ആദ്യം ലേലം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇരുപത്താറിലേക്കു മാറ്റുകയായിരുന്നു.
ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശം പൂർണമായി നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാറിനു കൈമാറിയിരുന്നു. സ്വത്തുക്കൾ ചലച്ചിത്ര അക്കാദമി ഏറ്റെടുക്കുന്നതിനു കേരള സർക്കാർ ഇടയ്ക്കു നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ചെന്നൈയിലെ ഫ്ലാറ്റ് വിറ്റു കുടിശിക ഈടാക്കണമെന്ന ഗണേഷ്കുമാറിന്റെ ആവശ്യം കേരള ഹൈക്കോടതി 2015ൽ അംഗീകരിക്കുകയും ചെയ്തു.
ശ്രീവിദ്യയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റും കെടിഡിഎഫ്സിയിൽ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കേസിലാണ്. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനാൽ കുടിശിക തീർക്കാതെ സ്വത്തുക്കളുടെ വിനിയോഗം സാധ്യമല്ല. ചെന്നൈയിലെ ഫ്ലാറ്റ് വിറ്റു നികുതി കുടിശികയും ബാങ്ക് ബാധ്യതകളും തീർത്തശേഷം ബാക്കി പണം ഉപയോഗിച്ചു ശ്രീവിദ്യയുടെ ആഗ്രഹങ്ങൾ നടപ്പാക്കുമെന്നു ഗണേഷ്കുമാർ പറഞ്ഞു.