Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിവിശിഷ്ട തൈലക്കൂട്ട് തയാറാകുന്നു; വിശ്വാസ പെരുമയിൽ മൂറോൻ കൂദാശ 23ന്

ജോൺ എം. ചാണ്ടി
Author Details
Mooron Koodasa വിശുദ്ധ മൂറോൻ കൂദാശ 2009ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കോട്ടയം ദേവലോകം അരമനയിൽ നടന്നപ്പോൾ.

മലങ്കര ഓർത്തഡോക്സ് സഭാ ചരിത്രത്തിലെ പത്താമത് മൂറോൻ കൂദാശയ്ക്കു പൗരാണിക വിശ്വാസ പെരുമയിൽ ഒരുക്കങ്ങളായി. ഏകദേശം പത്തു വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ഈ അതിവിശിഷ്ട കൂദാശ, വലിയ നോമ്പിലെ 40–ാം വെള്ളിയാഴ്ചയായ മാർച്ച് 23നു സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിലാണു നടത്തുന്നത്. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ചടങ്ങുകൾക്കു പ്രധാന കാർമികത്വം വഹിക്കും. അദ്ദേഹം പ്രധാന കാർമികനാകുന്ന ആദ്യ മൂറോൻ കൂദാശയാണിത്.

മൂറോൻ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം സുഗന്ധതൈലം എന്നാണ്. ജാതിക്ക, ഗ്രാമ്പു, കുരുമുളക്, ചുക്ക്, കറുവപ്പട്ട, കുങ്കുമപ്പൂവ്, ജഢമാഞ്ചി, സ്റ്റൊറാക്സ് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ ചതച്ച്, പൊടിച്ച് ഒലിവെണ്ണയുമായി ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നു. പ്രത്യേകം നിയോഗിക്കപ്പെടുന്ന വൈദികർ 40 ദിവസം ഉപവാസവും പ്രാർഥനയും അനുഷ്ഠിച്ചാ‌ണ് ഈ തൈലക്കൂട്ട് തയാറാക്കുന്നത്. ഈ തൈലം കൂദാശാവേളയിൽ ബൽസാം പെറുവുമായി കൂട്ടിക്കലർത്തുകയും തുടർന്ന് പ്രാർഥനകളിലൂടെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതോടെ മൂറോൻ കൂദാശ പൂർത്തിയാകുന്നു. കൂദാശയിലൂടെ മൂറോൻ പരിശുദ്ധാത്മാവിന്റെ പ്രതീകമായി മാറുന്നുവെന്നാണ് വിശ്വാസം. പത്തു വർഷത്തേക്കുള്ള ഉപയോഗം കണക്കാക്കിയാണ് മൂറോൻ തൈലം തയാറാക്കുന്നത്.

Mooron Koodasa കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 1999ൽ നടന്ന മൂറോൻ കൂദാശയിൽ മുഖ്യകാർമികനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ മൂറോൻ വാഴ്ത്തുന്നു.

മാമോദീസാ നടത്തുന്നതിനുള്ള വെള്ളം വാഴ്ത്തുന്നതിനും മാമോദീസായ്ക്കു ശേഷമുള്ള അഭിഷേകത്തിനും ദേവാലയ കൂദാശ, കുർബാനയർപ്പണ വേളയിൽ ത്രോണോസിൽ പൂജാ പാത്രങ്ങൾ വയ്ക്കുന്ന പലക (തബ്‌ലൈത്താ)യുടെ കൂദാശ എന്നിവയ്ക്കാണു വിശുദ്ധ മൂറോൻ ഉപയോഗിക്കുന്നത്. പഴയനിയമ പാരമ്പര്യം പിൻതുടർന്നാണ് കൂദാശകൾക്കു തൈലം ഉപയോഗിക്കുന്നത്. രാജാക്കന്മാർ, പുരോഹിതർ, പ്രവാചകന്മാർ എന്നിവരെ വാഴിക്കുമ്പാൾ തൈലം കൊണ്ട് അഭിഷേകം ചെയ്തിരുന്നതായി വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സമാഗമന കൂടാരവും സാക്ഷ്യപെട്ടകവും കൂടാരത്തിലെ ഉപകരണങ്ങളും തൈലം കൊണ്ട് അഭിഷേകം ചെയ്തിരുന്നു.

മൂറോൻ കൂദാശയുടെ ശുശ്രൂഷ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. മുഖ്യകാർമികനായ പരിശുദ്ധ കാതോലിക്കാ ബാവാ, ശുശ്രൂഷാ സംഘത്തോടൊപ്പം മൂറോൻ തൈലം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടെ ഒന്നാമത്തെ ഘട്ടം അവസാനിക്കുന്നു. മൂറോൻ തൈലം വിശുദ്ധീകരിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. മൂറോൻ കൂദാശയിൽ മുഖ്യകാർമികനും മെത്രാപ്പോലീത്താമാർക്കുമൊപ്പം 12 വൈദികർ ധൂപകുറ്റികളുമായും 12 പൂർണ ശെമ്മാശൻമാർ മറുവഹസാകൾ പിടിച്ചും 12 ഉപ ശെമ്മാശൻമാർ മെഴുകുതിരികൾ പിടിച്ചും ശുശ്രൂഷയിൽ സംബന്ധിക്കും. കൂദാശയിലുടനീളം പ്രധാനസ്ഥാനം വഹിക്കുന്ന അർക്കദ്‌യാക്കോൻ (ആർച്ച്ഡീക്കൻ) പ്രധാന കാർമികന്റെ അംശവടി പിടിക്കുകയും യഥാസമയം ശുശ്രൂഷയിലെ ആഹ്വാനങ്ങൾ നടത്തുകയും മധ്യസ്ഥ പ്രാർഥന നയിക്കുകയും ചെയ്യും. ഏഴു മണിക്കൂറോളം ദൈർഘ്യമുള്ള മൂറോൻ കൂദാശ സുറിയാനി സഭയിലെ ഏറ്റവും സുദീർഘമായ ശുശ്രൂഷയാണ്.

Mooron Koodasa കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 1988ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂറോൻ കൂദാശയിൽ നിന്ന്. വലത്ത് മൂറോൻ പാത്രവുമായി നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് പ്രദക്ഷിണം നടത്തുന്നു.

ഓർത്തഡോക്സ് സുറിയാനി സഭയിൽ പാത്രിയർക്കീസും കാതോലിക്കായും മാത്രമാണ് ഈ കൂദാശ നടത്തുന്നത്. 1876 ഓഗസ്റ്റ് 27–നാണ് മലങ്കര സഭയിൽ ആദ്യമായി മൂറോൻ കൂദാശ നടന്നത്. മുളന്തുരുത്തി മാർത്തോമ്മൻ പള്ളിൽ നടന്ന കൂദാശയ്ക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവാ പ്രധാന കാർമികനായി. രണ്ടാമത്തെ മൂറോൻ കൂദാശ പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദുള്ള ദ്വിതീയൻ പാത്രിയർക്കീസ് ബാവാ 1911 ഓഗസ്റ്റ് 19–ന് മുളന്തുരുത്തിയിൽ നടത്തി. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായും (1932 ഏപ്രിൽ 22, 1951 ഏപ്രിൽ 20), പരിശുദ്ധ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായും (1977 ഏപ്രിൽ ഒന്ന്, 1988 മാർച്ച് 25) രണ്ടു തവണ മൂറോൻ കൂദാശയ്ക്ക് പ്രധാന കാർമികരായിട്ടുണ്ട്. പരിശുദ്ധ ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവാ (1967 ഡിസംബർ 21), പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ (1999 മാർച്ച് 26), പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ (2009 ഏപ്രിൽ മൂന്ന്) എന്നിവർ ഓരോ തവണ മൂറോൻ കൂദാശ നടത്തി. കോട്ടയം പഴയ സെമനാരിയിൽ നാലു തവണ (1932, 1951, 1967, 1977) മൂറോൻ കൂദാശ നടത്തിയിട്ടുണ്ട്. ഇത് നാലാം തവണയാണു ദേവലോകം അരമന മൂറോൻ കൂദാശയ്ക്കു വേദിയാകുന്നത്. 1988, 1999, 2009 എന്നീ വർഷങ്ങളിലാണ് ഇവിടെ മുൻപ് മൂറോൻ കൂദാശ നടത്തിയിട്ടുള്ളത്.