Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണം സംസ്ഥാന ചിത്രശലഭം

butterfly കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി പരിഗണിക്കാൻ നിർദേശിച്ചിട്ടുള്ള ബുദ്ധമയൂരിയും വനദേവതയും.

തിരുവനന്തപുരം∙ സംസ്ഥാനത്തിന് ഔദ്യോഗിക ചിത്രശലഭം വേണമെന്നു നിർദേശം. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന വന്യജീവി ഉപദേശകസമിതി യോഗത്തിലാണു നിർദേശമുയർന്നത്. ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിർദേശത്തിനു പുതുജീവൻ വച്ചത്.

മൂന്നുവർഷം മുൻപു മഹാരാഷ്ട്രയാണു സംസ്ഥാനങ്ങളിൽ ആദ്യമായി സംസ്ഥാന ചിത്രശലഭത്തെ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമായ കൃഷ്ണശലഭ(ബ്ലൂ മോർമൺ)ത്തെയാണു മഹാരാഷ്ട്ര അവരുടെ ഔദ്യോഗിക ചിത്രശലഭമാക്കിയത്. പിന്നാലെ 2016ൽ കർണാടകയും സംസ്ഥാന ചിത്രശലഭത്തെ തിരഞ്ഞെടുത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭത്തെ (സതേൺ ബേഡ്‌വിങ്). ജനുവരിയിൽ ആറളത്തു നടന്ന ചിത്രശലഭ പഠന ക്യാംപിൽ മൂന്നു ചിത്രശലഭങ്ങളുടെ പേരാണു ചർച്ചയിൽ ഉയർന്നത്. വനദേവത (മലബാർ ട്രീ നിംഫ്), ബുദ്ധമയൂരി (ബുദ്ധ പീകോക്ക്), പുള്ളിവാലൻ ശലഭം (മലബാർ ബാൻഡഡ് സ്വാലോ ടെയ്‌ൽ) എന്നിവയായിരുന്നു ഇവ.

ഒടുവിൽ വനദേവതയെയും ബുദ്ധമയൂരിയെയും കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിക്കണമെന്ന ശുപാർശ സർക്കാരിനു നൽകുകയും ചെയ്തു.

വനദേവത

പശ്ചിമ ഘട്ടത്തിൽ മഹാരാഷ്ട്ര, തമിഴ്നാട് വരെയുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്നു. ചെങ്കൽ കുന്നുകളിൽ കാണുന്ന മാലതീലതയും നിത്യഹരിത വനങ്ങളിൽ കാണുന്ന പെനലിവള്ളിയുമാണു ലാർവാ ഭക്ഷണസസ്യങ്ങൾ. ഇംഗ്ലിഷിൽ പേപ്പർ കൈറ്റ് എന്നും പേരുണ്ട്.

ബുദ്ധമയൂരി

കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. വടക്കൻ കേരളത്തിലാണു കൂടുതൽ. ഇടനാടൻ ചെങ്കൽ കുന്നുകളിൽ കാണുന്ന മുള്ളിലവാണു ലാർവ ഭക്ഷണസസ്യം. ചെങ്കൽ കുന്നുകളുടെ നാശം ബുദ്ധമയൂരിയുടെ എണ്ണത്തിൽ കുറവു വരുത്തി.