വണ്ടിത്താവളം (പാലക്കാട്)∙ അലയാർ ഉച്ചിമഹാളിയമ്മൻ ക്ഷേത്രത്തിലെ പൊങ്കലിനിടെ ഓലപ്പടക്കത്തിൽ നിന്നു കരിമരുന്നിലേക്കു തീ പടർന്നുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾ അടക്കം 13 പേർക്കു പൊള്ളലേറ്റു. ഇവരിൽ 90% പൊള്ളലേറ്റ ഏഴു വയസ്സുകാരന്റെ നില ഗുരുതരമാണ്.
ഒൻപതു പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ടു പേരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

അലയാർ മുത്തുവിജയൻ– വിജി ദമ്പതികളുടെ മകൻ കവിനാണു 90% പൊള്ളലേറ്റത്. അലയാർ സ്വദേശികളായ പൊന്നു കാശി (52), ചെല്ലൻ (68), ബിനു (29), നാരായണൻകുട്ടി (32), അനീഷ് (29) കൃഷ്ണൻ (54), ഷൺമുഖൻ (55), ശ്രേയസ് (അഞ്ച്), ഷിജു (25), പ്രണവ് (23), രാജേഷ് (35), ബിനു (13) എന്നിവരാണു പൊള്ളലേറ്റ മറ്റുള്ളവർ.
ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നതിനിടെ തൊട്ടടുത്ത കുളത്തോടു ചേർന്ന് ഓലപ്പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയത്. ഈ ഭാഗത്തുണ്ടായിരുന്ന പുല്ലിനു തീ പിടിക്കുകയും ഇതിൽ നിന്നു തീപ്പൊരി തെറിച്ചു ക്ഷേത്രമുറ്റത്തു ചാക്കിൽ സൂക്ഷിച്ച കരിമരുന്നിൽ വീഴുകയുമായിരുന്നു. ഞൊടിയിടയിൽ ആൾക്കൂട്ടത്തിലേക്കു തീപ്പൊരി ചിതറി.

അപകട സമയത്ത് നാട്ടുകാരായ ഏതാനും പേരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. പരുക്കേറ്റവരെ ഉടൻ വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ചിറ്റൂർ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റവരെ വൈകാതെ ജില്ലാ ആശുപത്രിയിലേക്കും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
അപകടസ്ഥലം പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ സന്ദർശിച്ചു.
അമ്പലത്തിൽ ഉത്സവങ്ങൾക്ക് കതിന നിറയ്ക്കുന്നത് ചെല്ലൻ എന്നയാളാണ്. അപകടത്തിൽ ഇയാൾക്കും പരുക്കേറ്റു. കഴിഞ്ഞവർഷം ഉപയോഗിച്ച മരുന്നിൽ ബാക്കി വന്നതാണ് ഇത്തവണ കതിനനിറയ്ക്കാൻ എത്തിച്ചതെന്ന് പറയപ്പെടുന്നു. വെടിമരുന്ന് എത്തിച്ചയാൾക്ക് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നു ബെഹ്റ പറഞ്ഞു.
അപകടകരമായ രീതിയിൽ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിനു ചിറ്റൂർ പൊലീസ് ചെല്ലനെതിരെ കേസെടുത്തു.