കാഞ്ഞങ്ങാട് ∙ കയ്യൂർ ഗവ. എൽപിഎസിന്റെ ഓഫിസ് ഷെൽഫിലെ ഇരുട്ടിൽ ഒരു പുസ്തകം ഉറങ്ങുന്നുണ്ട്. ഹീറോ പേന മഷി പടർന്നു, പൊടിഞ്ഞു തുടങ്ങിയ, താളുകൾ തുന്നിക്കെട്ടിയ ഒരു അഡ്മിഷൻ റജിസ്റ്റർ. അതിന്റെ നാലാം പേജിൽ കാണാം, കാലമെന്ന തൂക്കുകയർ മുറുകുന്തോറും ഓർമകളിൽ ജീവൻ വയ്ക്കുന്ന കയ്യൂർ രക്തസാക്ഷികളിൽ രണ്ടുപേരുടെ വിവരങ്ങൾ- കോയിത്താട്ടിൽ ചിരുകണ്ടനും മഠത്തിൽ അപ്പുവും. കൊലക്കയർ ഒഴിവായ കയ്യൂർ സഖാവ് ചൂരിക്കാടൻ കൃഷ്ണൻ നായരുടെ പേരു കൂടിയുണ്ട് അതേപേജിൽ. സ്വന്തം വിലാസം മുദ്രാവാക്യങ്ങളിൽ മാത്രം കൊത്തിവച്ച വിപ്ലവകാരികളുടെ ആധികാരിക വിവരമുള്ള ഏക സ്ഥലമാണ് ഈ സ്കൂൾ റജിസ്റ്റർ. 1928, 29 വർഷങ്ങളിൽ സ്കൂളിൽ ചേർന്ന വിദ്യാർഥികൾക്കൊപ്പമാണ് മൂവരുടെയും പേരുകൾ.
കർഷക പ്രക്ഷോഭത്തിനിടെ സുബ്ബരായൻ എന്ന പൊലീസുകാരൻ മുങ്ങിമരിച്ചതിനാണു മഠത്തിൽ അപ്പു, കോയിത്താട്ടിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കീൽ അബൂബക്കർ എന്നിവരെ 75 വർഷം മുൻപ് 1943 മാർച്ച് 29നു തൂക്കിലേറ്റിയത്. ആദ്യം കൊലക്കയർ വിധിക്കപ്പെട്ടയാളാണ് ചൂരിക്കാടൻ കൃഷ്ണൻ നായർ. സ്കൂൾ റജിസ്റ്ററിലെ പ്രായം സംബന്ധിച്ച വിവരങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായില്ലെന്നതു ചൂരിക്കാടന് ശിക്ഷ ഇളവു ചെയ്തു കിട്ടാൻ കാരണമായി. സ്കൂൾ റജിസ്റ്റർ അനുസരിച്ച് മൂവരും ഒരേ ക്ലാസിലാണ് പഠിച്ചത്. കൃഷ്ണൻ നായർ 2001 ഫെബ്രുവരി ഏഴിനാണു മരിച്ചത്. അക്ഷരങ്ങളുടെ ലോകത്തേക്ക് വിപ്ലവ മനസ്സുകൾ ആദ്യമായി എത്തിയ ദിനത്തിനു സാക്ഷിയായി ചരിത്രമെഴുതിച്ചേർത്തിരിക്കുന്നു ഈ താളുകളിൽ.
കയ്യൂർ രക്തസാക്ഷിത്വത്തിന്റെ ഇന്നലെ നടന്ന 75–ാം ദിനാചരണം മറ്റൊരു യാദൃച്ഛികതയ്ക്കു കൂടി സാക്ഷിയായി. കയ്യൂർ കണ്ഠത്തിലമ്മ ക്ഷേത്രത്തിലെ പൂരോത്സവ സമാപനവും പൂരക്കുളിയും ഇന്നലെയായിരുന്നു. ദശാബ്ദങ്ങൾക്കു ശേഷമാണു രണ്ടു ദിനങ്ങളും ഒരുമിച്ചെത്തുന്നത്. മികച്ച പൂരക്കളി കലാകാരൻമാരായിരുന്നു അപ്പുവും ചിരുകണ്ടനും. ക്ഷേത്രത്തിൽ സാധാരണക്കാർ സമർപ്പിക്കുന്ന ഭണ്ഡാരത്തുക ജൻമിമാർ കൊണ്ടുപോകുന്നതിനെ ഇവർ തടഞ്ഞതാണു പ്രശസ്തമായ കയ്യൂർ കർഷക പ്രക്ഷോഭത്തിനു നാന്ദി കുറിച്ചതും യുവാക്കളായ നാലു സുഹൃത്തുക്കൾ തൂക്കുകയർ വരിക്കാൻ ഇടയായതും.