തിരുവനന്തപുരം∙ ഓഖി ദുരിതാശ്വാസത്തിലെ വീഴ്ചയുടെയും മദ്യനയത്തിന്റെയും പേരിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ കത്തോലിക്കാ സഭ. ഓഖി ദുരന്തമുണ്ടായി നാലു മാസമായിട്ടും 49 കുടുംബങ്ങൾക്കു മാത്രമാണു നഷ്ടപരിഹാരം നൽകിയതെന്നും സർക്കാർ വാക്ക് പാലിച്ചില്ലെന്നും കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് (കെഎസ്ഇബിസി) പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം കുറ്റപ്പെടുത്തി.
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ജയിപ്പിക്കരുതെന്നു ജനങ്ങളെ ബോധവൽക്കരിക്കാൻ തങ്ങൾക്കു സാധിക്കുമെന്നും തങ്ങൾ വെറുതെയിരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓഖി ദുരന്തത്തിനിരയായ ശേഷിക്കുന്ന കുടുംബങ്ങൾക്കു നഷ്ടപരിഹാര, പുനരധിവാസ വാഗ്ദാനങ്ങൾ സർക്കാർ നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടപ്പോൾ അനുഭാവപൂർവമായ സമീപനമായിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തന്റെ സഹപ്രവർത്തകർക്ക് അമർഷവും പരാതിയുമുണ്ട്. തമിഴ്നാട്ടിൽ എല്ലാ ദുരന്തബാധിതർക്കും 10 ലക്ഷം രൂപ കയ്യിൽ കൊടുത്തു. 10 ലക്ഷം രൂപ നിക്ഷേപമായും നൽകി. ഇവിടെ പാർട്ടി കോൺഗ്രസ്, മറ്റു സാമൂഹിക പ്രശ്നങ്ങൾ എന്നിവയുടെ തിരക്ക് മൂലം സർക്കാരിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ട്.
ഇനിയെങ്കിലും ദുരിതാശ്വാസം അനന്തമായി നീളാതെ സമയബന്ധിതമായി നൽകണം. മത്സ്യബന്ധന യാനങ്ങൾ നഷ്ടപ്പെട്ടതു മൂലം 60 കോടിയുടെ നഷ്ടമുണ്ട്. പരമാവധി 30,000 രൂപ നൽകാനേ സഭയ്ക്കു സാധിക്കൂ. വിവാഹപ്രായമെത്തിയ പെൺമക്കൾക്കു മൂന്നുലക്ഷം രൂപ വീതം സഭ നൽകുന്നുണ്ട്. എല്ലാവർക്കും വിദ്യാഭ്യാസ സഹായവും ചികിത്സാ സഹായവും നൽകുന്നു. തമിഴ്നാട്ടിൽ ഐഎഎസ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ, ഇവിടെ കെടുകാര്യസ്ഥതയാണ്. എത്രപേർ മരിച്ചെന്നുപോലും തിട്ടപ്പെടുത്താതെ ഒളിച്ചുകളിക്കുകയാണ്.
തുക ട്രഷറിയിൽ നിക്ഷേപിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ ട്രഷറിക്കു മുന്നിൽ കാവൽ കിടക്കേണ്ട ഗതികേടാണ്. മത്സ്യബന്ധനയാനം ഇല്ലാത്തതിനാൽ നാലു മാസമായി കടലിൽ പോകാത്തവരുണ്ട്. തീരദേശ മേഖലയിൽ അങ്കലാപ്പുണ്ടാകാതിരിക്കാൻ തങ്ങൾ നിശബ്ദത പാലിക്കുകയാണ്. മൗനത്തെ നിസഹായതയായി കാണരുത്. മുറിവേറ്റ 498 പേർക്കു തങ്ങൾ തുടർചികിത്സ നൽകുന്നുണ്ട്. അവരുടെ വായ്പ എഴുതിത്തള്ളുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ചർച്ച പോലും നടക്കുന്നില്ല.
കേന്ദ്ര കൃഷിമന്ത്രിക്ക് ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് ഒരു പിടിയുമില്ല. ഈ മേഖലയിൽ ചെലവഴിച്ച തുക സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണം. സഭയ്ക്ക് ഏഴുകോടി രൂപയാണു പിരിഞ്ഞു കിട്ടിയതെങ്കിലും അഞ്ചുവർഷം കൊണ്ട് 100 കോടിയുടെ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.
മദ്യലഭ്യത കുറയ്ക്കാൻ സർക്കാർ സഹകരിക്കണം. കോടതി ഒരിക്കൽ ഒന്നും പിന്നീട് മറ്റൊന്നുമാണു പറയുന്നത്. കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന രീതിയിലുള്ള വിധികളാണു വരുന്നത്. ആശങ്കയുണ്ടാക്കുന്ന വിധിയാണെങ്കിലും കോടതിയെ ആദരിക്കുന്നു. മദ്യപിക്കുന്ന വിശ്വാസികളെ സഭ നിയന്ത്രിക്കണമെന്നു പറയുന്നതിൽ അർഥമില്ല. മാതാപിതാക്കൾ പറയുന്നതെല്ലാം മക്കളെക്കൊണ്ട് അനുസരിപ്പിക്കാൻ സാധിക്കുമോ? എല്ലാവരും സഭ പറയുന്ന പോലെ പ്രവർത്തിച്ചിരുന്നുവെങ്കിൽ പുണ്യവാളന്മാരായി മാറുമായിരുന്നുവല്ലോ. സഭയിലുള്ളവർ മനുഷ്യരല്ലേ. മദ്യം ലഭിക്കാനുള്ള സാധ്യത കുറച്ചുകൊണ്ടു മാത്രമേ അവരെ നിയന്ത്രിക്കാനാവൂ.
മദ്യനയത്തിന്റെ പേരിൽ സർക്കാരിനെ മറിച്ചിടുമെന്നോ വോട്ട് ചെയ്യില്ലെന്നോ തങ്ങൾ പറയില്ല. എന്നാൽ, ഇത്തരക്കാരെ ജയിപ്പിക്കരുതെന്നു ജനത്തെ ബോധവൽക്കരിക്കും. സർക്കാരുമായുള്ള അകൽച്ച കുറയ്ക്കാനാണു ശ്രമിക്കുന്നത്. മദ്യത്തിന്റെ കാര്യത്തിൽ സർക്കാരുമായി 100% അകൽച്ചയുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു.