Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യ തൊഴിലാളികൾക്ക് അനുമോദനങ്ങൾ പോരാ, സമഗ്ര പുനരധിവാസം വേണം: ഡോ. സൂസപാക്യം

latin-samgamam തിരുവനന്തപുരത്ത് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി കെ. രാജു, ആന്റണി ആൽബർട്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാജി ജോർജ്, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, പ്രഫ. കെ.വി. തോമസ് എംപി, ബിഷപ് ഡോ.അലക്സ് വടക്കുംതല, എം. വിൻസന്റ് എംഎൽഎ തുടങ്ങിയവർ സമീപം.

തിരുവനന്തപുരം ∙ പ്രളയക്കെടുതിയിൽ ആയിരങ്ങളെ കൈപിടിച്ച് ഉയർത്തിയ മത്സ്യതൊഴിലാളികൾക്ക് അനുമോദനങ്ങളും വരവേൽപ്പും നൽകിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും സമഗ്ര പുനരധിവാസം വേണമെന്നും ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഇതിന് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ശംഖുമുഖത്ത് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. 

ആശംസാവാചകങ്ങൾ കൊണ്ടു ആവശ്യങ്ങൾ നിറവേറില്ലെന്നു സർക്കാർ തിരിച്ചറിയണം. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണം. തീരദേശമേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ഓഖി നാശം വിതച്ച പ്രദേശത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ എന്തു ചെയ്തുവെന്നു അദ്ദേഹം ചോദിച്ചു. 

തീരദേശത്തിന്റെ ഉന്നതിക്കായി ചില നിർദേശങ്ങൾ സർക്കാരിനു മുന്നിൽ വയ്ക്കുന്നു. തീരമേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കണം. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം. പ്രദേശത്തിനായി സമഗ്രപാക്കേജ് കേന്ദ്രസഹായത്തോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 

തീരദേശ പൊലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങിയ സംവിധാനങ്ങളിൽ മത്സ്യതൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കണം. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണം. 

പ്രഖ്യാപിച്ചിട്ടുള്ള ഭവന നിർമാണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക മുന്നറിയിപ്പ് സംവിധാനം ആരംഭിക്കണം. ആഴക്കടലിലൂടെയുള്ള നിർദിഷ്ട കപ്പൽപാത പരമ്പരാഗത മത്സ്യബന്ധനത്തിനു തടസം സൃഷ്ടിക്കാതെ വേണം. മത്സ്യതൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ ഓൺലൈൻ മത്സ്യവിൽപ്പന ആരംഭിക്കരുതെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.രാജു, ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്,പ്രഫ.കെ.വി.തോമസ് എംപി, എം.വിൻസെന്റ് എംഎൽഎ, പ്രോഗാം കമ്മിറ്റി കൺവീനർ ആന്റണി ആൽബർട്ട്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്,കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ സംഗമത്തിൽ പങ്കെടുത്തു.  

related stories