Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിന്റോയുടെ മരണം: പരാതിയിൽ കഴമ്പുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

road-cross-school

പാമ്പാടി ∙ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കുട്ടി പഠിച്ചിരുന്ന ക്രോസ് റോഡ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പരിശോധന നടത്തി. സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദം താങ്ങാനാകാതെയാണു കുട്ടി ജീവനൊടുക്കിയതെന്ന മാതാപിതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഉടൻ റിപ്പോർട്ടു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി, വാഴൂർ പതിനാലാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെയും ബിന്ദുവിന്റെ മകൻ ബിന്റോയെ (14) കഴിഞ്ഞ ശനിയാഴ്ചയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക സമ്മർദം താങ്ങാനാകാതെയാണു കുട്ടി ജീവനൊടുക്കിയതെന്ന പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനെത്തിയത്. ഉയർന്ന ക്ലാസുകളിൽ തോൽക്കുമെന്നു കരുതുന്ന വിദ്യാർഥികളെ ടിസി നൽകി നേരത്തേ പറഞ്ഞുവിടുന്നതായും മാതാപിതാക്കൾ പരാതിപ്പെട്ടു.

ഫെബ്രുവരിയിൽ ഒൻപതാം ക്ലാസ് പരീക്ഷ പൂർത്തിയായതിനെ തുടർന്ന് ഒരുമാസത്തോളം ബിന്റോയെ പത്താംക്ലാസിൽ ഇരുത്തിയിരുന്നതായി മാതാപിതാക്കൾ പറയുന്നു. ഇതിനുശേഷം നടത്തിയ മോഡൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ബിന്റോയ്ക്കു കഴിയാത്തതിനാൽ മറ്റേതെങ്കിലും സ്കൂളിലേക്കു മാറ്റണമെന്നു സ്കൂൾ അധികൃതർ പറഞ്ഞതായാണ് മാതാപിതാക്കളുടെ പരാതി. പത്താംക്ലാസിലെ പാഠപുസ്തകങ്ങൾ തിരിച്ചേൽപിക്കണമെന്ന് ആവശ്യപ്പെട്ടെന്നും മനോവിഷമം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കുകയായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു.

വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കേസെടുത്തു. ഇന്നു നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും കമ്മിഷൻ അംഗം ബിന്ദു എം.തോമസ് അറിയിച്ചു.

സ്കൂളിലെ അധ്യാപകരിൽനിന്നു പള്ളിക്കത്തോട് എസ്ഐ: മഹേഷ്കുമാർ മൊഴിയെടുത്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി: ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചൈൽ‍ഡ് ലൈൻ പ്രവർത്തകരും സ്കൂളിലെത്തി. വിദ്യാർഥിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സ്കൂൾ അധ്യാപക – രക്ഷാകർതൃ സംഘടന ആവശ്യപ്പെട്ടു.