തദ്ദേശ സ്ഥാപന പ്രതിനിധികൾ സ്വത്തുവിവരം നൽകാൻ 30 മാസം

തിരുവനന്തപുരം∙ നിശ്ചിത സമയപരിധിക്കുള്ളിൽ സ്വത്തുവിവരം സമർപ്പിക്കാൻ സാധിക്കാതെ ഒട്ടേറെ പഞ്ചായത്ത് അംഗങ്ങളും നഗരസഭാംഗങ്ങളും അയോഗ്യരാകുന്നത് ഒഴിവാക്കുന്നതിനു രണ്ട് ഓർഡിനൻസുകൾ ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളും നഗരസഭാംഗങ്ങളും സ്ഥാനമേറ്റ തീയതി മുതൽ 15 മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്കു സമർപ്പിക്കണമെന്നാണു പഞ്ചായത്ത്‌‌രാജ് നിയമത്തിലെയും കേരള മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥ. ഇതു ഭേദഗതി ചെയ്തു സമയപരിധി 30 മാസമാക്കാനാണ് ഓർഡിനൻസുകൾ. ഇവ പുറപ്പെടുവിക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

നിശ്ചിത സമയത്തിനകം സ്വത്തുവിവരം സമർപ്പിക്കാത്ത അംഗങ്ങൾ അയോഗ്യരാകുന്നതുമൂലം ചില ജില്ലാ പഞ്ചായത്തുകളിൽ നല്ലൊരു പങ്കു സീറ്റിലും വീണ്ടും തിരഞ്ഞെടുപ്പു നടത്തേണ്ട സാഹചര്യമാണ്. പാലക്കാട്, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിൽ ഒട്ടേറെപ്പേർ അയോഗ്യരാവുകയും വീണ്ടും തിരഞ്ഞെടുപ്പു നടത്തേണ്ടി വരികയും ചെയ്യുമായിരുന്നു. മറ്റു പല നഗരസഭകളിലും പഞ്ചായത്തുകളിലും സമാന പ്രശ്നം ഉണ്ട്. അയോഗ്യതാ ഭീഷണി നേരിടുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവരുണ്ട്. ഈ സാഹചര്യത്തിൽ ഇവർ പുറത്തായാൽ ചില സ്ഥലങ്ങളിൽ മുന്നണി ഭരണംതന്നെ മാറും. വ്യാപകമായ തോതിൽ വീണ്ടും തിരഞ്ഞെടുപ്പു നടത്തേണ്ടി വരും. ഇവരെ രക്ഷപ്പെടുത്താൻ സമയപരിധി നീട്ടുകയല്ലാതെ മാർഗമില്ല.

അതേസമയം തദ്ദേശഭരണ പ്രതിനിധികളുടെ അനാസ്ഥയാണു സ്ഥിതി ഗുരുതരമാക്കുന്നതിൽ എത്തിച്ചതെന്ന് ആക്ഷേപമുണ്ട്. ആറു മാസത്തിനകം സ്വത്തു വിവരം സമർപ്പിക്കണമെന്ന വ്യവസ്ഥയാണ് ആദ്യ കാലത്ത് ഉണ്ടായിരുന്നത്. ഇതു കഴിഞ്ഞ സർക്കാർ 15 മാസമായി വർധിപ്പിച്ചു. ഈ സമയ പരിധിക്കുള്ളിലും വിവരം നൽകാതെ അനാസ്ഥ കാട്ടിയവരാണ് ഇപ്പോൾ അയോഗ്യതാ ഭീഷണി നേരിടുന്നത്. മുൻകാല പ്രാബല്യത്തോടെ 30 മാസം ആക്കുന്നതോടെ ഇവർക്കു രക്ഷപ്പെടാം. സ്വത്തു വിവരം നൽകാത്തവരും ഇതിനോടകം അയോഗ്യരായി പ്രഖ്യാപിക്കപ്പെടാത്തവരുമായ ഒരുപാടു പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.