പാലക്കാട് ∙ വൃത്തിയുള്ള പഞ്ചായത്തുകളെ കണ്ടെത്തി മാർക്കിടാൻ പൊതുജനത്തിനായി കേന്ദ്ര ശുചിത്വ ശുദ്ധജല മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങി. എസ്എസ്ജി 18 എന്ന ആപ്പ് സൗജന്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ എല്ലാ ജില്ലകളിലെയും പഞ്ചായത്തുകളെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് നൽകുന്നതിനുള്ള ‘സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ 2018’ പദ്ധതിയുടെ ഭാഗമായാണ് ആപ്പ്.
സംസ്ഥാന ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പഞ്ചായത്തുകളിലെത്തി പരിശോധിച്ചു മാർക്കിടും. ഈ മാർക്കും പൊതുജനം നൽകിയ മാർക്കും പരിശോധിച്ചാണു കേന്ദ്ര ശുചിത്വ ശുദ്ധജല മന്ത്രാലയം റാങ്ക് നൽകുക. പൊതു ഇടങ്ങളിലെ ശുചിത്വം, ശുചിമുറികളുടെ ലഭ്യത, ഉപയോഗം, വൃത്തി, പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയൽ, വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യങ്ങൾ തുടങ്ങിയവ മാനദണ്ഡമാകും. സ്വച്ഛ് ഭാരത് പദ്ധതി മെച്ചപ്പെടുത്തുന്നതിനായി പൊതു ജനങ്ങളുടെ നിർദേശങ്ങളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലകൾക്കു ഗാന്ധി ജയന്തി ദിനത്തിൽ അവാർഡുകൾ നൽകും.