അമ്പലപ്പുഴ ∙ വീടിനു പിന്നിലെ ചായ്പിൽ മണ്ണിനടിയിൽ സൂക്ഷിച്ച 80 കിലോ അനധികൃത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി. കാക്കാഴം താഴ്ചയിൽ ലക്ഷംവീട്ടിൽ നൗഷാദിന്റെ (50) വീടിനോടു ചേർന്നുള്ള ചായ്പിൽ വലിയ വീപ്പയ്ക്കുള്ളിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിലാണു പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
അംഗപരിമിതനായ നൗഷാദ് വീടിനോടു ചേർന്നുള്ള കട കേന്ദ്രമാക്കിയാണു പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്നത്. പ്രദേശത്ത് ഇവയുടെ മൊത്തവ്യാപാരവും നൗഷാദ് ആണു കൈകാര്യം ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ കച്ചവടത്തെക്കുറിച്ചു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ആലപ്പുഴ എക്സൈസ് സിഐ കാർത്തികേയൻ, എസ്ഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫിസർമാരായ സാബു, അബ്ദുൽ ഷുക്കൂർ, സിഇഒമാരായ മുസ്തഫ, ജോസ്, ഷെരീഫ് എന്നിവർ ചേർന്നു നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. നൗഷാദിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
മൊത്തക്കച്ചവടമായതിനാൽ പൊലീസും എക്സൈസും റെയ്ഡിനെത്തിയാൽ അറിയാനുള്ള സംവിധാനവും നൗഷാദ് തയാറാക്കിയിരുന്നു. വീടും പരിസരവും നിരന്തരം നിരീക്ഷിക്കാൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.