ഹാരിസൺ എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാതെ റവന്യു വകുപ്പ്

കാഞ്ഞിരപ്പള്ളി∙ ഹൈക്കോടതി വിധി അനുകൂലമായതോടെ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് റബർ എസ്റ്റേറ്റിനു നികുതിയടയ്ക്കാൻ തപാലിൽ അയച്ചു കൊടുത്ത ചെക്ക് റവന്യൂ അധികൃതർ സ്വീകരിച്ചില്ല. മുണ്ടക്കയം എസ്റ്റേറ്റിന്റെ ഭൂനികുതിയിനത്തിൽ കുടിശിക ഉൾപ്പെടെയുള്ള തുകയുടെ ചെക്ക് റജിസ്ട്രേഡ് തപാലിലാണ് വില്ലേജ് ഓഫിസുകളിലേക്ക് എസ്റ്റേറ്റ് അധികൃതർ അയച്ചത്. എസ്റ്റേറ്റ് ഉൾപ്പെടുന്ന എരുമേലി വടക്ക്, ഇടക്കുന്നം വില്ലേജുകളിലെത്തിയ തപാൽ റജിസ്ട്രേഡ് ആയതിനാൽ കൈപ്പറ്റിയെങ്കിലും തിരിച്ചയച്ചു.

സർക്കാരിന്റെ തീരുമാനം അറിയുന്നതുവരെ രസീത് നൽകാൻ കഴിയില്ലെന്നും കലക്ടറുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും അതിനാൽ തിരിച്ചയക്കുകയായിരുന്നുവെന്നും എരുമേലി വടക്ക് വില്ലേജ് അധികൃതർ അറിയിച്ചു. 419560 രൂപയുടെ ചെക്കാണ് ഇവിടെ ലഭിച്ചത്. വില്ലേജിന്റെ പരിധിയിൽ വരുന്ന 246.246 ഹെക്ടർ ഭൂമിയുടെ 2014–15 മുതലുള്ള കുടിശിഖ ഉൾപ്പെടെയുള്ള നികുതിയാണിത്. ഇടക്കുന്നം വില്ലേജിൽ ലഭിച്ച തപാൽ കൈപ്പറ്റാതെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ഭൂനികുതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് അധികൃതർ നേരത്തെ വില്ലേജ് ഓഫിസുകളെ സമീപിച്ചിരുന്നു. എന്നാൽ ഇവ സ്വീകരിക്കാതെ വന്നതോടെയാണ് ചെക്ക് തപാലിൽ അയച്ചത്.

ഏപ്രിൽ പതിനൊന്നിലെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയെ തുടർന്നാണ് കമ്പനി അധികൃതരുടെ നികുതിയടയ്ക്കാനുള്ള ശ്രമം. ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുക, ഭൂമി ഏറ്റെടുത്തുകൊണ്ട് ഓർഡിനൻസ് ഇറക്കുക തുടങ്ങിയ സാധ്യതകൾ സർക്കാർ പരിശോധിക്കുന്നതിനാലാണു ഭൂനികുതി സ്വീകരിക്കാത്തതെന്നും റവന്യു അധികൃതർ അറിയിച്ചു.