Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിസണ്‍ കേസില്‍ സർക്കാരിനു തിരിച്ചടി; അപ്പീൽ സുപ്രീംകോടതി തള്ളി

Supreme Court of India

ന്യൂഡൽഹി∙ ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.

കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്പെഷല്‍ ഓഫിസര്‍ക്കു കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതാണു ഹൈക്കോടതി തടഞ്ഞത്. ഈ വിധിക്കെതിരെയാണു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സ്പെഷൽ ഓഫിസറെ നിയമിച്ചു ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിധിച്ച ഹൈക്കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണാണെന്നു വിധിക്കാത്ത സാഹചര്യത്തിൽ അപ്പീലിനു പ്രസക്തിയുണ്ടെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. ഭൂമി തട്ടിപ്പു നടന്നതായി കണ്ടെത്താനുള്ള സിവിൽ കോടതികളുടെ അധികാരം സ്പെഷൽ ഓഫിസർക്കില്ലെന്നേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ. തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കോടതി വഴിയാണു നടപടി സ്വീകരിക്കേണ്ടതെന്നു വിധിയിൽ പറയുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

എന്നാൽ, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിനു വഴികളടയുകയാണ്. ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തടസ്സമുണ്ട്. രേഖകൾ ഉണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിൽ അതിനെതിരായ തെളിവുകൾ നിരത്തി കേസ് വിജയിച്ചാലും അപ്പീലുകളിൽ കുരുങ്ങി നടപടികൾ നീളും. കയ്യേറ്റം തടയൽ നിയമം വന്നാൽ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കൽ വേഗത്തിലാക്കാനാകുമെന്നാണു ഇനി സർക്കാരിന്റെ പ്രതീക്ഷ.