കൊല്ലം∙ ദേശീയ കൗൺസിലിൽ നിന്നൊഴിവാക്കിയതിനെതിരെ സി. ദിവാകരൻ എംഎൽഎ പാർട്ടി കോൺഗ്രസിൽ പൊട്ടിത്തെറിച്ചു. പരസ്യമായും അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു. മുൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ സി.എൻ.ചന്ദ്രനും അതൃപ്തി മറച്ചുവച്ചില്ല. ഒഴിവാക്കപ്പെട്ടെന്നറിഞ്ഞു വൈകാതെ ദിവാകരൻ സമ്മേളനവേദി വിട്ടു. കേരളത്തിൽ നിന്നു 11 പേരെ തിരഞ്ഞെടുക്കാനാണു ദേശീയ നേതൃത്വം ശനിയാഴ്ച രാത്രി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ കൗൺസിൽ അംഗങ്ങളുടെ യോഗം രാവിലെ ചേർന്നു.
പാർട്ടി ഭരണഘടനപ്രകാരം ചിലരെ ഒഴിവാക്കി പുതിയ ചിലരെ ഉൾപ്പെടുത്തേണ്ടി വരുമെന്ന് അധ്യക്ഷനായിരുന്ന സത്യൻ മൊകേരി പറഞ്ഞു. ചിലർക്കു പ്രയാസമുണ്ടാകും. ദേശീയ കൗൺസിലിൽ താൻ കുറെക്കാലമായി അംഗമാണ്. ഒഴിയാൻ തയാറാണ്. ആ സമീപനം മറ്റുള്ളവരുമെടുക്കണമെന്നു സത്യൻ പറഞ്ഞു. ദേശീയ നിർവാഹക സമിതിയിലുള്ള മുതിർന്ന നേതാക്കളെ കൗൺസിലിൽനിന്നു മാറ്റാൻ കഴിയില്ല. നമ്മളെപ്പോലുള്ളവരാണു മാറിക്കൊടുക്കേണ്ടത്– സത്യൻ കൂട്ടിച്ചേർത്തു.
തുടർന്നുള്ള ചർച്ചയിലാണു മൂന്നു ടേമായി കൗൺസിലിലുള്ള സി. ദിവാകരൻ മാറണമെന്ന അഭിപ്രായം വന്നത്. ദിവാകരൻ എതിർത്തു. ദേശീയ നിർവാഹകസമിതി മുൻ അംഗം കൂടിയാണു താനെന്നു വാദിച്ചു. എന്നാൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അടക്കമുള്ള നേതാക്കൾ വഴങ്ങിയില്ല. ഇസ്മായിൽ പക്ഷത്തെ പ്രധാനിയായ സി.എൻ. ചന്ദ്രനെയും വെട്ടി. ഇതേ പക്ഷത്തെ കമല സദാനന്ദനും പുറത്തായി. കമല നേരത്തേ വഹിച്ചിരുന്ന മഹിളാ സംഘം ജനറൽ സെക്രട്ടറിയായി പി. വസന്തം വന്നതിനാൽ മാറിക്കൊടുക്കണമെന്നായിരുന്നു ആവശ്യം.
നിയമസഭാകക്ഷി നേതാവാണെന്നതാണ് ഇ. ചന്ദ്രശേഖരനെ പരിഗണിക്കാൻ കാരണം. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന പരിഗണനയിലാണു കെ.പി. രാജേന്ദ്രൻ ഉൾപ്പെട്ടത്. പാർട്ടി കോൺഗ്രസിന് ആതിഥ്യം വഹിച്ച ജില്ലയ്ക്കു പ്രാതിനിധ്യം നൽകുന്ന കീഴ്‌വഴക്കം എൻ.അനിരുദ്ധനു തുണയായി. ദലിത് പ്രാതിനിധ്യം കൂട്ടാനുള്ള തീരുമാനം എൻ.രാജനും ഗുണകരമായി. നേരത്തേ ഇസ്മായിൽ പക്ഷത്തെ ടി.വി. ബാലൻ മാത്രമേ ആ വിഭാഗത്തിൽ നിന്നുണ്ടായിരുന്നുള്ളൂ.
എഐവൈഎഫിനെ പ്രതിനിധീകരിച്ച് ദേശീയ കൗൺസിലിലുണ്ടായിരുന്ന കെ. രാജനെ ഒഴിവാക്കിയാണു മഹേഷ് കക്കത്ത് കാൻഡിഡേറ്റ് അംഗമായത്. പന്ന്യൻ രവീന്ദ്രനെയും ബിനോയ് വിശ്വത്തെയും കേന്ദ്ര ക്വോട്ടയിൽ ഉൾപ്പെടുത്തിയിരുന്നു. ദേശീയ കൗൺസിൽ അംഗങ്ങളെടുത്ത ഈ നിർദേശം കേരള പ്രതിനിധികളുടെ യോഗത്തിൽ വച്ചു. താൻ വലിയ നേതാവാണെന്നു കരുതുന്നില്ലെങ്കിലും ദേശീയ കൗൺസിലിൽ തുടരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സി.എൻ. ചന്ദ്രൻ തുറന്നടിച്ചു. പാർട്ടി എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ല – ചന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചു. പത്തു മിനിറ്റ് കൊണ്ട് ആ യോഗം പിരിഞ്ഞു.
ഗോഡ്ഫാദറില്ല; സ്ഥാനങ്ങൾ പ്രശ്നമല്ല
ഇന്ത്യൻ പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ ഒന്നുമല്ലല്ലോ തിരഞ്ഞെടുക്കുന്നത്. കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ലേ? സ്ഥാനങ്ങൾ വരും, പോകും. എനിക്കു ഗോഡ്ഫാദർമാരൊന്നുമില്ല. ഞാൻ പാർട്ടിക്കാരനാണ്. അങ്ങനെ തുടരും. കമ്മിറ്റിയിൽ ഇല്ലെങ്കിലും ഉണ്ടെങ്കിലും സി. ദിവാകരൻ, സി. ദിവാകരൻ തന്നെയായിരിക്കും.
∙ സി. ദിവാകരൻ എംഎൽഎ.
തിരഞ്ഞെടുപ്പിൽ വിഭാഗീയതയില്ല
പാർട്ടി ദേശീയ കൗൺസിലിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തതിൽ വിഭാഗീയത ഇല്ല. കേരളത്തിൽനിന്ന് ഉൾപ്പെടുത്തിയതിലും ഒഴിവാക്കിയതിലും വിഭാഗീയത കടന്നുവന്നിട്ടേയില്ല. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുമില്ല.
∙ കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി.