തെലങ്കാനയിൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു സീതാറാം യച്ചൂരിയെ മാറ്റാൻ സിപിഎം കേരളഘടകം ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ഏഴാം ദിവസം, തെലങ്കാനയിലെ മെഹ്ബൂബ് നഗറിൽനിന്നുള്ള സുരവരം സുധാകർ റെഡ്ഡിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിൽ കൊല്ലത്ത് സിപിഐ കേരളഘടകം വിജയിച്ചു. കോൺഗ്രസുൾപ്പെടെയുള്ള മതനിരപേക്ഷ പാർട്ടികളുമായി കൈകോർക്കാമെന്ന് ഇടത്തുനിന്ന് ആദ്യം പറഞ്ഞതിന്റെ മേനിയുമായാണ് സിപിഐ നിൽക്കുന്നത്.
വിശാല കൂട്ടുകെട്ടിന്റെ സൽഫലം പാർട്ടി അനുഭവിക്കുന്നതു കണ്ടിട്ട് അടുത്തവർഷം പദവിയൊഴിയാമെന്നു സുധാകർ താൽപര്യപ്പെട്ടു. അങ്ങനെ വേണ്ട, മൂന്നു വർഷംകൂടി തുടരട്ടെ എന്ന് കേരളഘടകവും മറ്റും നിർദേശിച്ചു. സുധാകർ അത് അംഗീകരിച്ചു. സുധാകർ മൂന്നുതവണ നിയമസഭയിലേക്കു മൽസരിച്ചപ്പോഴും തോറ്റു. പാർലമെന്റിലേക്കു നാലുതവണ മൽസരിച്ചു, രണ്ടുതവണ ജയിച്ചു. പാർട്ടിയിൽ മാത്രം മൂന്നു തവണയും എതിരില്ലാത്ത വിജയം.
2012ൽ പട്നയിലെ പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ, സഖാക്കളുടെ പ്രായം പാർട്ടിക്കു പ്രശ്നമാകുന്നുവെന്നാണു സുധാകർ പറഞ്ഞത്. അന്നു സുധാകറിന് വയസ്സ് എഴുപത്. എ.ബി. ബർദൻ ജനറൽ സെക്രട്ടറിയായ പ്രായം. മൂന്നുവർഷം കഴിഞ്ഞു പുതുച്ചേരിയിൽ വീണ്ടും പാർട്ടിയുടെ അമരക്കാരനാകുമ്പോൾ പറഞ്ഞത്, തലമുറകൾ തമ്മിലുള്ള വിടവ് നികത്തുന്നതിന് ഊന്നൽ നൽകുമെന്നാണ്. ഈ കാരണങ്ങൾക്കു പുറമെയാണ്, കൊല്ലത്ത് പാർട്ടി കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനം. അതുകൊണ്ട്, ആഹ്ലാദം സൗമ്യമായ പുഞ്ചിരിയിലൊതുക്കുന്നു.
കോൺഗ്രസുമായി ധാരണയെന്നു പറയുമ്പോൾ തെലങ്കാനയിലെ മെഹ്ബൂബ് നഗറിൽ സുരവരം തറവാട്ടിൽ എസ്. വെങ്കട്ടരാമ റെഡ്ഡിയുടെയും സ്വരമ്മയുടെയും മകനായി പിറന്ന സുധാകറിന് അതിലൽപം വീട്ടുകാര്യവുമുണ്ട്. വെങ്കട്ടരാമ റെഡ്ഡി കമ്യൂണിസ്റ്റായിരുന്നെങ്കിലും സഹോദരൻ എസ്. പ്രതാപ റെഡ്ഡി കോൺഗ്രസിന്റെ എംഎൽഎയായിരുന്നു. ഹൈദരാബാദിൽ കാരാട്ടുപക്ഷ നിലപാടിനായിരുന്നു വിജയമെങ്കിൽ, കൊല്ലത്തു സിപിഐ പാർട്ടി കോൺഗ്രസിന്റെ സ്വഭാവം മറ്റൊന്നാകുമായിരുന്നു.
സിപിഎം ഭിന്നനിലപാടെടുക്കുമ്പോൾ ഇടത് ഐക്യവും വെല്ലുവിളികളുടെ പട്ടികയിൽ ഉൾപ്പെടും. അപ്പോൾ, പാർട്ടിയെ നയിക്കാൻ സുധാകർ മതിയോ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഇപ്പോൾ അത്തരം സങ്കീർണതകളൊന്നുമില്ല. അനാരോഗ്യത്തിന്റെ അലട്ടലുകളുണ്ടെങ്കിലും പാർട്ടി തന്റെ പിടിയിൽനിൽക്കുമെന്നു സുധാകറിനു പ്രതീക്ഷിക്കാം. പിന്നെ, തിരഞ്ഞെടുപ്പ് കാര്യങ്ങളിലേക്കു വരുമ്പോൾ, കോൺഗ്രസുമായി ധാരണയുള്ള ഇടതുപക്ഷത്തിന്റെ മൊത്തത്തിലുള്ള അമരക്കാരനായി യച്ചൂരിയുണ്ടാവും. സുധാകർ ഒപ്പമുണ്ടാവുകയേ വേണ്ടൂ.