ലിഗയുടെ കൊലപാതകം: രണ്ടു പേർ കുറ്റം സമ്മതിച്ചെന്നു പൊലീസ്

തിരുവനന്തപുരം∙വിദേശ വനിത ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള രണ്ടു പേർ കുറ്റം സമ്മതിച്ചതായി പൊലീസ്. അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് ഇന്നു രാവിലെ പൊലീസിനു കൈമാറും.

ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടിൽ സ്ഥിരമായി ഒത്തുകൂടുന്ന നാലു സമീപവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവർ കസ്റ്റഡിയിലുണ്ട്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ഇവരിൽ രണ്ടു പേരിൽ നിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് പറയുന്നു. പക്ഷേ, ഇവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്. കോവളത്തെത്തിയ ലിഗയെ തങ്ങളുടെ സുഹൃത്ത് ബോട്ടിങ്ങിനെന്ന പേരിൽ കണ്ടൽക്കാട്ടിലേക്കു കൊണ്ടുവന്നുവെന്നും അയാളാണു തങ്ങളെ ഇക്കാര്യം അറിയിച്ച് അങ്ങോട്ടേക്കു വരുത്തിയതെന്നുമാണ് ഒരാളുടെ മൊഴി. കാട്ടിലെത്തിയ തങ്ങൾ ലിഗയ്ക്കു സിഗററ്റ് നൽകി. തുടർന്നു കൂടുതൽ പണം അവരിൽ നിന്നു കൈക്കലാക്കാൻ ശ്രമിച്ചതാണു തർക്കത്തിനു കാരണമായതെന്നും ഇയാൾ പറയുന്നു. പണം നൽകാത്തതിന്റെ പേരിൽ പിടിവലി ഉണ്ടായപ്പോൾ ലിഗയെ പിടിച്ചു തള്ളിയെന്നും ഇയാൾ പറഞ്ഞു.

എന്നാൽ കയ്യേറ്റ, പീഡന ശ്രമങ്ങൾ ഉണ്ടായെന്നാണു രണ്ടാമത്തെയാളുടെ മൊഴിയെന്നും പൊലീസ് പറയുന്നു. പൊന്തക്കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായ ശേഷം പീഡനത്തിനു ശ്രമിച്ചെന്നാണ് ഇയാൾ പറയുന്നത്. ഫൊറൻസിക് റിപ്പോർ‍ട്ടുകൾ വന്നതിനു ശേഷമേ മരണ കാരണം കൂടുതൽ വ്യക്തമാകുകയുള്ളൂ. കാട്ടിൽ നിന്നു ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും തലമുടിയുടെ ഡിഎൻഎ പരിശോധനാ ഫലവും ലഭിക്കാനുണ്ട്. കേസുമായി ബന്ധപ്പെട്ടു വിവിധ ഘട്ടങ്ങളിലായി പതിനഞ്ചിലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുമായി സംഭവസ്ഥലത്തു പോയി തെളിവെടുക്കുകയും ചെയ്തു.

എന്നാൽ പിടിക്കപ്പെട്ട ചിലർക്കു സംസ്ഥാനത്തെ ഒരു തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പിൻബലമുണ്ടായിരുന്നു. അനധികൃതമായി കസ്റ്റഡിയിൽ വച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവർ പൊലീസിനെ ഭീഷണിപ്പെടുത്തി. അതോടെ കസ്റ്റഡിയിലുള്ള പലരെയും പൊലീസിനു വിട്ടയയ്ക്കേണ്ടതായി വന്നു. എന്നാൽ ഇവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിലെടുക്കാൻ കഴിയുന്ന തരത്തിലെ വലയത്തിലാണു വിട്ടയയ്ക്കപ്പെട്ടവരിൽ ചിലർ.